ഇന്ദുലേഖ സോപ്പ് -സൗന്ദര്യം കൂട്ടിയില്ല: ചാത്തുവിന് കമ്പനി 30000 രൂപ നഷ്‌ടപരിഹാരം നല്കി


മാനന്തവാടി: ഇന്ദുലേഖ സോപ്പ്‌ ഉപയോഗിച്ചാല്‍ സൗന്ദര്യം തേടിവരുമെന്ന നടന്‍ മമ്മൂട്ടിയുടെ വാഗ്‌ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്നാരോപിച്ചു ജില്ലാ ഉപഭോക്‌തൃകോടതിയില്‍ പരാതിപ്പെട്ട മാനന്തവാടി സ്വദേശി ചാത്തുവിനു കമ്പനി 30,000 രൂപ നഷ്‌ടപരിഹാരം നല്‍കി കേസൊതുക്കി. അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണു വയനാട്‌ ജില്ലാ ഉപഭോക്‌തൃകോടതിയില്‍ പരാതി നല്‍കിയത്‌. താനും കുടുംബവും ഒരുവര്‍ഷമായി ഇന്ദുലേഖ സോപ്പാണ്‌ ഉപയോഗിക്കുന്നതെന്നും മമ്മൂട്ടിയുടെ പരസ്യവാചകം കേട്ടാണ്‌ ഇത്‌ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും കഴിഞ്ഞ ഓഗസ്‌റ്റ്‌ 24-നു നല്‍കിയ പരാതിയില്‍ പറയുന്നു. അസുഖം മൂലം രണ്ടുതവണ കോടതിയില്‍ ഹാജരാകാന്‍ ചാത്തുവിനു കഴിഞ്ഞില്ല. ഒടുവില്‍ ജനുവരി ആറിനു കേസ്‌ വിളിച്ചു. എന്നാല്‍ തലേന്നുതന്നെ എതിര്‍കക്ഷികളുടെ വക്കീല്‍ ചാത്തുവിന്റെ വക്കീലായ അബ്‌ദുള്‍ സലീമിനെ സമീപിച്ച്‌ ഒത്തുതീര്‍പ്പിനു സന്നദ്ധരായി. 30,000 രൂപ ചാത്തുവിനു നല്‍കാമെന്ന ഉറപ്പില്‍ കേസ്‌ പിന്‍വലിപ്പിച്ചു. ഇന്ദുലേഖയെ ഹിന്ദുസ്‌ഥാന്‍ ലീവര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണു കേസ്‌ ഒതുക്കിയതെന്നു സൂചനയുണ്ട്‌. പണം വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്ന ഉത്‌പന്നങ്ങള്‍ വിറ്റഴിക്കാന്‍ സിനിമാ നടന്‍മാരും നടിമാരും കൂട്ടുനില്‍ക്കുന്നതു തടയാനാണു കേസ്‌ ഫയല്‍ ചെയ്‌തതെന്നു ചാത്തു പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed