ബ്രഹ്മപുരം ഡീസല്‍ വൈദ്യുതി നിലയം: രണ്ടു ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി തത്കാലമില്ല


തിരുവനന്തപുരം: ബ്രഹ്മപുരം ഡീസല്‍ വൈദ്യുതി നിലയത്തില്‍ കേടായതിനെത്തുടര്‍ന്ന് ഇളക്കിമാറ്റിയ രണ്ടു ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി തത്കാലമില്ല. കേടായ രണ്ടു ഡീസല്‍ ജനറേറ്ററുകള്‍ പ്രകൃതിവാതകത്തിലേക്കു മാറ്റാനുള്ള വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം വൈദ്യുതി റെഗുലേറ്ററി അഥോറിറ്റി തള്ളിയ സാഹചര്യത്തിലാണിത്.

ബ്രഹ്മപുരം നിലയത്തില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ മൂന്നു ഡീസല്‍ ജനറേറ്ററുകളിലൂടെയുള്ള വൈദ്യുതി ഉത്പാദനം മാത്രമാകും തുടര്‍ന്നു നടക്കുക. കേടായ ജനറേറ്ററുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ 22.37 കോടി രൂപ ആവശ്യമാണെന്നാണു വൈദ്യുതി ബോര്‍ഡ് അറിയിച്ചത്. ഇവ എല്‍എന്‍ജിയിലേക്കു മാറ്റാനുള്ള 171 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണു വൈദ്യുതി ബോര്‍ഡ് തയാറാക്കി വൈദ്യുതി റെഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ചത്. കൊച്ചിയിലെ പെട്രോനെറ്റിന്റെ എല്‍എന്‍ജി ടെര്‍മിനലിനെ പ്രകൃതിവാതകം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നിലയമാക്കി മാറ്റാമെന്നായിരുന്നു ബോര്‍ഡിന്റെ വാദം.

എന്നാല്‍, താപവൈദ്യുതിയിലേക്കു മാറ്റി വൈദ്യുതി ചാര്‍ജും ഫിക്സ്ഡ് ചാര്‍ജും കണക്കാക്കിയാല്‍ ഒരു യൂണിറ്റിന് 12.43 രൂപ ഉപയോക്താവു നല്‍കേണ്ടിവരും. ഇതു ജനങ്ങള്‍ക്ക് അധിക നിരക്ക് അടിച്ചേല്പിക്കുന്നതിനു തുല്യമാണെന്നു കണക്കാക്കിയാണു റെഗുലേറ്ററി കമ്മീഷന്‍ അപേക്ഷ നിരസിച്ചത്.

എന്നാല്‍, അടുത്ത അഞ്ചു വര്‍ഷത്തേക്കു സംസ്ഥാനത്തു മൂന്നു മുതല്‍ പത്തു വരെ ശതമാനം വൈദ്യുതിയുടെ കുറവേ ഉണ്ടാകുകയുള്ളൂവെന്നും ഈ അവസരത്തില്‍ കൂടിയ നിരക്കിലുള്ള വൈദ്യുതി അടിച്ചേല്‍പ്പിക്കുന്നതു ശരിയല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. തിരക്കേറിയ സമയത്തു പോലും അഞ്ചു രൂപയില്‍ താഴെ വൈദ്യുതി നല്‍കാനുള്ള സംവിധാനമുണ്ട്. റായിഗഡില്‍നിന്നുള്ള ട്രാന്‍സ്മിഷന്‍ ലൈന്‍ കൂടി പൂര്‍ത്തിയായാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ വൈദ്യുതി എത്തിക്കാനാകും. 3,000 മെഗാവാട്ട് വൈദ്യുതിവരെ വിവിധ സ്ഥലങ്ങളില്‍നിന്നു കുറഞ്ഞ വിലയ്ക്ക് എത്തിക്കാനാകുമെന്നും റെഗുലേറ്ററി കമ്മീഷന്‍ വിലയിരുത്തി.

You might also like

Most Viewed