ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വെച്ച് പിണറായി അര്‍ജുനനായി : പാർട്ടിയിൽ വിവാദം


കോഴിക്കോട്: ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ സിപിഎമ്മിൽ വിവാദമാകുന്നു. ന്യൂനപക്ഷ പ്രീണനമെന്ന ബിജെപിയുടെ കുറ്റപ്പെടുത്തലിനെ മറിക്കടക്കാൻ സിപിഎം നടത്തുന്ന ഓരോ നീക്കങ്ങളും പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂരിൽ പ്രത്യക്ഷപ്പെട്ട നവകേരള യാത്രയുടെ ഫ്ളക്സ് ബോര്‍ഡിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ അര്‍ജുനനായും ജില്ലാ സെക്രട്ടറി പി. ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ചത് പാർട്ടിയിൽ പുതിയ വിവാദമുണ്ടാക്കുന്നു. മഹാഭാരത യുദ്ധത്തില്‍ രഥം തെളിക്കുന്ന ശ്രീകൃഷ്ണനും യുദ്ധത്തിന് വില്ലെടുത്ത് നില്‍ക്കുന്ന അര്‍ജുനനെയുമാണ് നേതാക്കളുടെചിത്രം വച്ച് സിപിഎം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷ പ്രീണനമെന്ന ദുഷ്പേര് മാറ്റിയെടുക്കാന്‍ സിപിഎം പതിനെട്ടടവും പയറ്റുന്നതിന്റെ ഭാഗമാണ് ഇതെല്ലാം എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള തീരുമാനത്തിന്റെ വിവാദത്തിൽ നിന്ന് കര കയറും മുന്പാണ് പുതിയ ഫ്ളക്സ് പാര്‍ട്ടിയെ വിവാദത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഫ്ളക്സ് വച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വയറലായിരുന്നു. സംഭവം വിവാദമായതോടെ ബിജെപിയില്‍ നിന്നും സിപിഎമ്മിലെത്തിയ വിശ്വാസികള്‍ വച്ച ഫ്ളക്സാണിതെന്നും വിശ്വാസികളെ സിപിഎം എതിര്‍ക്കുന്നില്ല അന്ധവിശ്വാസത്തെ മാത്രമാണ് എതിര്‍ക്കുന്നതെന്നുള്ള ന്യായങ്ങൾ പറഞ്ഞു രക്ഷപ്പെടാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്.

പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണെന്നതും ശ്രദ്ധേയമാണ്. വോട്ടിനായി സിപിഎം തങ്ങളുടെ അടിസ്ഥാന നയത്തില്‍ നിന്നും വ്യതിചലിക്കുകയാണെന്നും സിപിഎമ്മും ബിജെപിയുംതമ്മിലുള്ളവ്യത്യാസങ്ങൾ ഇല്ലതാവുകയാണെന്നും ഭൂരിഭാഗം മുതിര്‍ന്ന പ്രവര്‍ത്തകരുടെയും വാദം.

You might also like

  • Straight Forward

Most Viewed