അവശിഷ്ടങ്ങൾക്കിടയിൽ നിന്നത് 123 മണിക്കൂർ; രണ്ടു വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു


തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28,000 കടന്നു. അഞ്ച് ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഒരു വൃദ്ധയെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു.

പതിനായിരക്കണക്കിന് രക്ഷാപ്രവർത്തകരാണ് രാവും പകലുമില്ലാതെ തണുത്ത കാലാവസ്ഥ വകവെക്കാതെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുടുങ്ങികിടക്കുന്നവരെ പുറത്തെടുക്കുന്നത്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ അവശിഷ്‌ടങ്ങള്‍ നീക്കിയുള്ള തെരച്ചില്‍ ദുഷ്‌കരമാണ്‌. നിരവധിപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ ജീവനോടെ അവശേഷിക്കുന്നതായാണ്‌ സംശയം. ഇന്നലെയും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍നിന്ന്‌ ജീവനോടെ ആളുകളെ രക്ഷപ്പെടുത്തി.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കഹ്‌റാമന്‍മാരസിലെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്ന്‌ മെനെക്‌സെ തബക്‌ എന്ന 70 വയസുകാരിയെ ഇന്നലെ രക്ഷപ്പെടുത്തി. “ലോകം അവിടെയുണ്ടോ” എന്നായിരുന്നു രക്ഷപ്പെട്ട്‌ പുറത്തെത്തിയപ്പോള്‍ മെനെക്‌സെയുടെ ആദ്യ ചോദ്യമെന്ന്‌ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

തെക്കന്‍ നഗരമായ ഹതേയില്‍, ഭൂകമ്പമുണ്ടായി 123 മണിക്കൂറിന്‌ ശേഷം രണ്ടു വയസുള്ള പെണ്‍കുട്ടിയെയും ജീവനോടെ രക്ഷപ്പെടുത്തി. നിരവധി കുട്ടികളെയും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള സ്‌ത്രീകളെയും ഇതുവരെ രക്ഷപ്പെടുത്താനായെന്ന്‌ സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഭൂകമ്പം പിടിച്ചുലച്ച തുര്‍ക്കിയിലും സിറിയയിലുമായി 8,70,000ത്തോളം പേരാണ് ഭക്ഷണമില്ലാതെ വലയുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സിറിയയില്‍ മാത്രമായി 5.3ദശലക്ഷം പേര്‍ക്കാണ് ഭൂകമ്പത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടത്. ഭൂകമ്പമേഖലകളില്‍ ഭക്ഷണമെത്തിക്കാന്‍ മാത്രമായി 77 ദശലക്ഷം ഡോളര്‍ ആവശ്യമാണെന്നാണ് യുഎന്‍ ചൂണ്ടിക്കാട്ടുന്നത്. സിറിയയില്‍ 5,90,000 പേര്‍ക്കാണ് ഭൂകമ്പത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടത്. അതേസമയം തുര്‍ക്കിയില്‍ 2,84,000 പേര്‍ക്കാണ് ഭക്ഷണമുള്‍പ്പടെയുള്ള അടിയന്തര സഹായം ആവശ്യമായിരിക്കുന്നത്. ഇവരില്‍ 5,45,000 പേര്‍ രാജ്യത്തിനകത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റപ്പെട്ടു. അതേസമയം 45,000 പേര്‍ ഇതിനകം തന്നെ അഭയാര്‍ഥികളായതായാണ് യുഎന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇരുരാജ്യങ്ങളിലും വീടുകള്‍ നഷ്ടപ്പെട്ട ആയിരകണക്കിനാളുകളാണ് കൊടുംശൈത്യത്തോട് മല്ലടിച്ച് തുറന്ന ഇടങ്ങളില്‍ താമസിച്ചുവരുന്നത്. ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ കൊടും ശൈത്യത്തില്‍ മരിച്ചുവീഴുന്ന അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പും സന്നദ്ധസംഘടനകള്‍ നൽകുന്നുണ്ട്. തുര്‍ക്കിക്കും സിറിയക്കും ഇടയില്‍ അതിര്‍ത്തി കടന്നുള്ള സഹായവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്നുണ്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ ഇക്കാര്യം ആവശ്യപ്പെട്ടുകഴിഞ്ഞു. അതിനിടെ അടുത്ത ആഴ്ച്ച ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുമെന്ന് യുഎന്‍ കൗണ്‍സില്‍ അറിയിച്ചു.

article-image

RGFDGHFDHGH

You might also like

Most Viewed