യുക്രൈനിൽ ആകെ മരിച്ച സാധാരണക്കാർ 474; ഐക്യരാഷ്ട്ര സംഘടന

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ടത് ആകെ 474 സാധാരണക്കാരെന്ന് ഐക്യരാഷ്ട്ര സംഘടന. 861 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, മരണ സംഖ്യ ഇനിയും ഉയരുമെന്നും കൃത്യമായ കണക്കുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വാർത്താകുറിപ്പിൽ യുഎൻ അറിയിച്ചു.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് പുതിയ നിർദേശവുമായി ഇന്ത്യൻ എംബസി രംഗത്തെത്തി. മാനുഷിക ഇടനാഴി തുറന്ന പശ്ചാത്തലത്തിൽ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. ട്രെയിനോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് പുറത്ത് കടക്കണം. സുരക്ഷ നോക്കി വേണം യാത്രയെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി.
യുക്രൈനിലെ അഞ്ച് നഗരങ്ങൾ വെടിനിർത്തൽ പ്രാബല്യത്തിലെന്ന് റഷ്യ അറിയിച്ചിരുന്നു. തലസ്ഥാനമായ കീവ്, ചെർണിവ്, മരിയുപോൾ, സുമി, ഖാർക്കിവ് എന്നീ നഗരങ്ങളിലാണ് താത്ക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. മോസ്‌കോ സമയം രാവിലെ പത്തിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
വെടിനിർത്തൽ വന്നതോടെ യുക്രൈനിലെ സുമിയിൽ മലയാളികൾ ഉൾപ്പെടെ 694 വിദ്യാർത്ഥികളുടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. സുമിയിൽ നിന്ന് പോൾട്ടോവയിലേക്ക് 694 വിദ്യാർത്ഥികളുമായി 35 ബസുകൾ യാത്ര തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും രക്ഷാദൗത്യം നേരിട്ട് നിരീക്ഷിക്കുകയാണ്.