കോവിഡ് പ്രോട്ടോക്കോൾ ലംഘനം: നോർവേ പ്രധാനമന്ത്രിക്ക് പിഴയിട്ട് പോലീസ്

ഓസ്‌ലോ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച നോർവേ പ്രധാനമന്ത്രിക്ക് പിഴയിട്ട് പോലീസ്. പ്രധാനമന്ത്രി ഏണ സോൾബെഗിനാണ് പോലീസ് പിഴ ശിക്ഷ ചുമത്തിയത്. പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ചടങ്ങിൽ സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപ്പടെയുള്ള നടപടികളിൽ വീഴ്ച വരുത്തിയെന്ന് പോലീസ് പറഞ്ഞു. 20,000 നോർവീജിയൻ ക്രൗൺ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയത്. പ്രധാനമന്ത്രിയുടെ 60-ാം പിറന്നാൾ ആഘോഷത്തിന് 13 പേരെ ക്ഷിണിച്ചിരുന്നു. ഒരു റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എന്നാൽ ആഘോഷ പരിപാടികൾക്ക് പരമാവധി 10 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളുവെന്നാണ് നിയമം. സംഭവം വിവാദമായപ്പോൾ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.