സിയാര കൊടുങ്കാറ്റില്‍ പറ പറന്ന് വിമാനം: ലണ്ടനിലെത്തിയത് രണ്ടു മണിക്കൂര്‍ നേരത്തെ


ലണ്ടൻ:  യു.കെയിലും യൂറോപ്പിലും വീശിയടിക്കുന്ന സിയാര കൊടുങ്കാറ്റിന്റെ സഞ്ചാരഗതി ഉപയോഗിച്ച് യാത്രാസമയം ലാഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയർവേസ് വിമാനം. ഏഴു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് സിയാര. ന്യൂയോർക്കിൽ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് വന്ന വിമാനത്തിന്റെ സഞ്ചാരപാതയ്ക്ക് അനുകൂലമായ ദിശയിലാണ് സിയാര കൊടുങ്കാറ്റിന്റെ സഞ്ചാരഗതിയുമുണ്ടായിരുന്നത്. കാറ്റിന്റെ ഗതി പ്രയോജനപ്പെട്ടതോടെ വിമാനം പറന്നത് മണിക്കൂറിൽ 1,290 കിലോ മീറ്റർ വേഗത്തിലാണ്. ഫലമോ 4.56 മണിക്കൂർ കൊണ്ട് വിമാനം ഹീത്രു വിമാനത്താവളത്തിലെത്തി. സാധാരണ ഗതിയിൽ ഏഴു മണിക്കൂർ വേണ്ടയിടത്താണ് രണ്ടു മണിക്കൂർ യാത്രാസമയം വിമാനത്തിന് ലാഭിക്കാൻ സാധിച്ചത്.

സമാനമായി മറ്റ് വിമാനങ്ങളും ഇതേ പോലെ യാത്രാസമയം ലാഭിച്ചെങ്കിലും ബ്രിട്ടീഷ് എയർവേസിന്റെ ബോയിങ് 747 വിമാനമാണ് ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയത്. ശനിയാഴ്ചയാണ് വിമാനം റെക്കോർഡിട്ടത്. ബ്രിട്ടീഷ് എയർവേസിന്റെ വിമാനം ഹീത്രു വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ വിർജിൻ അറ്റ്ലാന്റിക് എന്ന കമ്പനിയുടെ വിമാനം ബ്രിട്ടീഷ് എയർവേസ് വിമാനത്തേക്കാൾ ഒരുമിനിറ്റ് മാത്രം വൈകി ഹീത്രു വിമാനത്താവളത്തിലെത്തി. ഞായറാഴ്ച കമ്പനിയുടെ മറ്റൊരു വിമാനവും ഇതേ പോലെ വേഗത്തിൽ എത്തിയിരുന്നു. 

അതേസമയം തിരിച്ച് ന്യൂയോർക്കിലേക്കുള്ള സഞ്ചാരം വിമാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാകും. എതിരായി വീശുന്ന കാറ്റിനെ അതിജീവിച്ച് വേണം വിമാനങ്ങൾക്ക് സഞ്ചരിക്കാൻ. അതിനാൽ സാധാരണ യാത്രാസമയത്തേക്കാൾ രണ്ടു മണിക്കൂറിലേറെ സമയം ലണ്ടനിൽനിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്ക് വേണ്ടിവരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed