കസാകിസ്ഥാനിൽ യാത്രാവിമാനം തകർന്ന് ഒന്പത് മരണം

അൽമാട്ടി: കസാകിസ്ഥാനിലെ അൽമാട്ടിയിൽ യാത്രവിമാനം തകർന്ന് ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ട്. ബെക് എയർ കന്പനിയുടെ ഫോക്കർ−100 വിമാനമാണ് തകർന്നത്. 95 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് പ്രാദേശിക സമയം രാവിലെ 7.22നായിരുന്നു സംഭവം. അൽമാട്ടിയിൽ നിന്ന് രാജ്യതലസ്ഥാനമായ നൂർ സുൽത്താനിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അൽമാട്ടി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം രണ്ട് നില കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.