ഗ്വാട്ടിമാല അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 99 ആയി

ഗ്വാട്ടിമാല സിറ്റി : ഗ്വാട്ടിമാലയിൽ ഫ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 99 ആയി. രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 192 പേരെ ഇതുവരെ കാണാതായിട്ടുണ്ട്.
അപകടത്തിൽ മരിച്ച പലരെയും ഇതുവരെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അഗ്നിപർവതത്തിൽ നിന്ന് വമിച്ച ലാവയും ചാരവും 10 കിലോമീറ്ററിലധികം ദൂരത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലാവ ഒഴുകിയെത്തിയതു മൂലം വീടുകളും കെട്ടിടങ്ങളുമെല്ലാം മണ്ണും ചാരവും കൊണ്ടു മൂടിപ്പോയി. ആയിരത്തിഅഞ്ഞൂറിലധികം ആളുകളെ പ്രദേശത്തു നിന്നു മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് അടച്ചിട്ട ലാ അറോറ വിമാനത്താവളം ഇതുവരെ തുറന്ന് പ്രവർത്തിച്ചിട്ടില്ല. കനത്ത പുകപടലങ്ങളും പാറച്ചീളുകളും കാരണമാണ് വിമാനത്താവളം തുറക്കാത്തത്. അഗ്നിപർവതത്തിന് സമീപത്തുള്ള കർഷക സമൂഹത്തിലുള്ളവരാണ് കൊല്ലപ്പെട്ടവർ ഏറെയും. ഉന്നത ചൂടിലുള്ള ലാവയിൽ പെട്ടുപോയാണ് മരണങ്ങളെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ പോലുമാകാതെ ഭയന്നുകഴിയുകയാണ്. ഏഴ് നഗരസഭ പ്രദേശങ്ങളിലേക്കാണ് ഇത്തരത്തിൽ ചാരമെത്തിയത്. 1974ന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സ്ഫോടനമാണിതെന്നാണ് പ്രാദേശിക വിദഗ്ധർ അഭിപ്രായപ്പെട്ടത്.
പ്രദേശങ്ങളിൽ ജീവിക്കുന്നവർ സംരക്ഷണത്തിനായി മുഖം മൂടികൾ ധരിക്കണമെന്നു സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സ്ഫോടന ബാധിത പ്രദേശത്ത് കൂടെ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ സഞ്ചരിക്കരുതെന്ന് ദുരന്തനിവാരണസേനയുടെ മുന്നറിയിപ്പുണ്ട്. നാഷനൽ എമർജൻസി റെസ്പോൺസ് ടീം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ദുരന്തം മൂന്നോളം പ്രദേശത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്നും ഗ്വാട്ടമാല പ്രസിഡണ്ട് ജിമ്മി മൊറേൽ പറഞ്ഞു.
അതേസമയം, അഗ്നിപർവത സ്ഫോടന മുന്നറിയിപ്പ് നൽകുന്നതിൽ രാജ്യത്തെ ദുരന്തനിവാരണ സേന പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. അവർ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ദുരന്തനിവാരണ സേനയുടെ വീഴ്ചയെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാക്കൾ ആവശ്യപ്പെട്ടു.