അഫ്ഗാൻ നടപടികൾക്ക് പൂർണ്ണ പിന്തുണയറിയിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് പാകിസ്ഥാൻ പൂർണ പിന്തുണയറിയിച്ചു. അഫ്ഗാനിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാനിലെ അമേരിക്കൻ അംബാസിഡർ ഡേവിഡ് ഹെയ്ൽ പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി.
ട്രംപിന്‍റെ പുത്തൻ അഫ്ഗാൻ നയം ഹെയ്ൽ, ഖ്വാജ മുഹമ്മദിനോട് വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് തങ്ങളുടെ നിലപാട് പാക് വിദേശ കാര്യമന്ത്രിയും വ്യക്തമാക്കിയത്.
അഫ്ഗാനിലെ അമേരിക്കൻ നയത്തെ പിന്തുണച്ചാൽ പാകിസ്ഥാന് അത് നേട്ടമായിരിക്കുമെന്നും മറിച്ചാണെങ്കിൽ അവർക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നുമുള്ള കടുത്ത നിലപാടായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് അഫ്ഗാൻ ദൗത്യങ്ങൾക്ക് പാക് വിദേശകാര്യമന്ത്രാലയം പൂർണ പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.