14 മാസത്തിനിടെ 78 ടെസ്റ്റുകൾ; കൊവിഡ് ഭേദമാകാതെ 56കാരൻ

കഴിഞ്ഞ 14 മാസമായി കൊവിഡ് ഭേദമാകാതെ റെക്കോർഡ് ഇട്ട് 56കാരൻ. തുർക്കി സ്വദേശിയായ മുസാഫർ കായസനെയാണ് രോഗം വിടാതെ പിന്തുടരുന്നത്. 2020ലാണ് ഇയാൾക്ക് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 78 കൊറോണ ടെസ്റ്റുകളാണ് ഇദ്ദേഹം നടത്തിയത്. ഓരോ തവണയും പോസിറ്റീവ് ആയിട്ട് തന്നെയാണ് കാണിക്കുന്നത്. മുസാഫർ അധികകാലം ഇനി ജീവിക്കില്ലെന്നായിരുന്നു ആദ്യം കൊറോണ ബാധിച്ച സമയത്ത് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ കൊറോണ ഭേദമാകുന്നില്ല എന്നതൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇപ്പോൾ ഇല്ലെന്നാണ് മുസാഫർ പറയുന്നത്. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒന്പത് മാസത്തോളം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലുമാണ് ഇദ്ദേഹം കഴിഞ്ഞത്.
കൊറോണ സ്ഥിരീകരിച്ച അന്നുമുതൽ എല്ലാ മാസവും ഇദ്ദേഹം ആശുപത്രിയിലെത്തി പരിശോധന നടത്തും.
തുർക്കി ഗവണ്‍മെന്റിന്റെ വാക്‌സിൻ നയപ്രകാരം രോഗം ഭേദമായി മൂന്ന് മാസം പിന്നിടാതെ വാക്സിൻ നൽകില്ല. ഇക്കാരണത്താൽ ഇദ്ദേഹത്തിന് പ്രതിരോധ വാക്സിൻ സ്വീകരിക്കാനും കഴിയുന്നില്ല. തുടർച്ചയായി രോഗം വരുന്നതിനാൽ ഭാര്യയും മകനുമായും സന്പർക്കത്തിൽ ഏർപ്പെടാനും ഇദ്ദേഹത്തിന് സാധിക്കുന്നില്ല. അസ്വസ്ഥതകൾ മാറിയെങ്കിലും കൊറോണ വൈറസിന് തന്റെ ശരീരത്തിൽ നിന്ന് വിട്ടു പോകാനാകില്ലെന്ന് മുസാഫർ പറയുന്നു. ഭാര്യയേയും മകനേയും ഒന്നു തൊടാൻ പോലും കഴിയാത്തത് ഏറെ വേദനാജനകമാണെന്നും മുസാഫർ പറയുന്നു. തുർക്കിയിൽ ഏറ്റവും കൂടുതൽ കാലം കൊറോണ സ്ഥിരീകരിച്ച വ്യക്തി മുസാഫർ ആണെന്ന് ഡോക്ടർമാർ പറഞ്ഞു. ലോകത്തിൽ തന്നെ ഇത്തരം മറ്റൊരു കേസ് ഉണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തിന് അവസാനമായി പിസിആർ ടെസ്റ്റ് നടത്തിയത്.