കേരളത്തിൽ പശുക്കളിൽ മാരക രോഗമായ തൈലേറിയ പടരുന്നു

കോഴിക്കോട്
സംസ്ഥാനത്തു പശുക്കളിൽ തൈലേറിയ എന്ന മാരക രോഗം വ്യാപകം. നൂറുകണക്കിനു പശുക്കൾക്കാണ് സംസ്ഥാനത്തു പകർച്ചവ്യാധിയായ തൈലേറിയ ബാധിച്ചു ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. മൃഗസംരക്ഷണവകുപ്പ് ഈ രോഗപകർച്ചയ്ക്കു മുന്നിൽ പകച്ചുനിൽക്കുകയാണ്. അതിനാൽ ക്ഷീരകർഷകർ ആശങ്കയിലുമായി. രോഗം വരുന്ന വഴി അന്യസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന സങ്കരയിനം പശുക്കളാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. വൻ വില നൽകിയാണ് ഇവയെ കേരളത്തിലേക്കു കൊണ്ടുവരുന്നത്. ക്ഷീരവികസന വകുപ്പിന്‍റെ സബ്സിഡിയുള്ളതിനാൽ ആയിരക്കണക്കിനു പശുക്കളാണ് ഓരോ വർഷവും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്. മിൽക്ക്‌ഷെഡ് പദ്ധതിയിൽ കർഷകർക്കു പശുവിനെ വാങ്ങാൻ സബ്‌സിഡിയുണ്ട്. അഞ്ചുലക്ഷം രൂപയ്ക്കു പശുവിനെ വാങ്ങിയാൽ രണ്ടര ലക്ഷം രൂപയാണ് സബ്‌സിഡി. ഇതിൽ ആകൃഷ്ടരായ കർഷകർ വായ്പയെടുത്തു വാങ്ങുന്ന പശുക്കളാണ് ചാകുന്നത്. ആരോഗ്യ പരിശോധനകളില്ലാത്ത കന്നുകാലി ഇറക്കുമതി, രോഗാണുക്കളുടെ വർധന, സങ്കരയിനം പശുക്കളൂടെ പ്രതിരോധ ശേഷിക്കുറവ് എന്നിവയെല്ലാമാണ് തൈലേറിയ വ്യാപകമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ. ഈച്ച പരത്തുന്നു പശുക്കളുടെ ശരീരത്തിലെ രക്താണുക്കളെ ബാധിക്കുന്ന അണുബാധയാണ് മരണ കാരണം. രോഗാണുക്കൾ ഉള്ളിൽ കടന്നാൽ അവ പെരുകി പശുക്കളെ മരണത്തിലേക്കു നയിക്കുന്നു. ഇത്തരം പശുക്കളെ കടിക്കുന്ന ഈച്ചകൾ മറ്റു പശുക്കളിലേക്കു രോഗം പകരത്തുന്നു. അതുകൊണ്ടുതന്നെ ഒരു പശുവിന് തൈലേറിയ ബാധിച്ചാൽ ആ തൊഴുത്തിലുള്ള മറ്റു പശുക്കളിലേക്കും ഇതു വളരെ വേഗത്തിൽ പടരും.
മരണനിരക്ക് ഞെട്ടിക്കുന്നത് രോഗം വന്നാൽ 90 ശതമാനം പശുക്കളും ചാകുമെന്നതാണ് ഈ രോഗത്തിന്‍റെ ഗൗരവം കൂട്ടുന്നത്. രോഗാണു ശരീരത്തിൽ കടന്നാൽ എട്ടു ദിവസം മുതൽ 25 ദിവസത്തിനകം ലക്ഷണങ്ങൾ കാണിക്കും. ശക്തമായ പനിയുണ്ടാവും. പനി വന്നാൽ തീറ്റെയടുക്കില്ല. അയവെട്ടില്ല. കണ്ണിൽനിന്നും മൂക്കിൽനിന്നും വെള്ളമൊലിക്കും. കൺപോളകളും ചെവിയും വീങ്ങും. കടുത്ത ക്ഷീണം ഉണ്ടാവും. രോഗംബാധിച്ച പശുവിന് പാൽ ഉൽപാദനം കുറയും. കുഴഞ്ഞുവീണാണ് പശുക്കൾ ചാകുന്നത്. അല്ലെങ്കിൽ കൈകാൽ കുഴഞ്ഞു കിടപ്പിലായി മെല്ലെ മരണത്തിലേക്കു നീങ്ങും. പ്രതിരോധമില്ല രോഗത്തിനു പ്രതിരോധ കുത്തിവയ്പ് ഇല്ലാത്തതാണ് കർഷകരെ കുഴക്കുന്നത്. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതോടെ പശുക്കൾ ക്ഷീണത്തിലായിരിക്കും. മൂന്ന് ഡോസ് മരുന്നാണ് ഈ രോഗത്തിനു നൽകുന്നത്. ഒരു ഡോസിനു 1,500 രൂപ മരുന്നിനു മാത്രം വരും. ഡോക്ടറെ വീട്ടിൽ കൊണ്ടുവരുന്നതിനും മറ്റുമുള്ള ചെലവു വേറെയും.
മൂന്നു ഡോസ് മരുന്നു കുത്തിവയ്ക്കുന്പോഴേക്കും കർകഷന്‍റെ കീശയിൽനിന്നു പതിനായിരത്തോളം രൂപ ചെലവായിട്ടുണ്ടാകും. സർക്കാർ മൃഗാശുപത്രികളിൽ ഇതിനുള്ള മരുന്ന് വളരെ കുറച്ച് ഡോസ് മാത്രമാണ് വരുന്നത്. ആവശ്യക്കാർ കൂടുതൽ ഉള്ളതിനാൽ ഇതു വേഗത്തിൽ തീരും. അതിനാൽ മെഡിക്കൽ ഷോപ്പുകളിൽനിന്നു വില കൊടുത്തു വാങ്ങുകയാണ് കർഷകർ ഏറെയും ചെയ്യുന്നത്. മരുന്നു കൊടുത്തിട്ടും എന്നാൽ, ഈ മരുന്നുകൊണ്ട് ഒരു ഗുണവും ലഭിക്കുന്നതായി കാണുന്നില്ല. പശുവിനു ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. രക്ഷപ്പെട്ടാൽത്തന്നെ വീണ്ടും തുടർ ചികിത്സയും വേണ്ടിവരും. ഇത്തരം പശുക്കൾക്കു പാൽ ഉത്പാദനം കുറയുമെന്നതിനാൽ കർഷകൻ ദുരിതത്തിലേക്കു നീങ്ങുകയും ചെയ്യും.
പശുക്കൾ ചത്താൽ അതിനെ മറവു ചെയ്യുന്നതിനു കർഷകനു വേറെയും തുക ചെലവിടേണ്ടി വരുന്നു. വലിയ വിലകൊടുത്തു വാങ്ങുന്ന പശുക്കൾ ചാകുന്നതോടെ കർഷകർ പ്രതിസന്ധിയിലേക്കു നീങ്ങും. ഇൻഷ്വറൻസ് കിട്ടാൻ നൂലാമാലകൾ ഉള്ളതിനാൽ കർഷകർ ഈ മേഖല വിടാൻ നിർബന്ധിതരാവുകയാണ്. രോഗം പടർന്നാൽ പലരും ക്ഷീരമേഖല വിടാൻ നിർബന്ധിതരാകുമെന്നാണ് കർഷകർ പറയുന്നത്. കർഷകരുടെ രക്ഷയ്ക്കു സർക്കാരിന്‍റെ ഭാഗത്തുനിന്നു നടപടിയൊന്നുമില്ല. മൃഗാശുപത്രികളിൽ മരുന്ന് ലഭ്യമാക്കാനും നടപടിയില്ല. ഈ നിലയിൽ പോയാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് എല്ലാ പശുക്കളെയും തൈലേറിയ വിഴുങ്ങുന്ന അവസ്ഥയാണുള്ളതെന്നു മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ പറയുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു നടപടി സ്വീകരിക്കണെമന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.