ധനുഷിന്റെ നായികയായി രജിഷ വിജയൻ

ചെന്നൈ: പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാരി സെൽവരാജിന്റെ ചിത്രത്തിലൂടെ രജിഷ വിജയൻ തമിഴിലെ യുവ സൂപ്പർ സ്റ്റാർ ധനുഷിന്റെ നായികയാകുന്നു. കർണൻ എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് സൂചന. വി. ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ്. താണുവാണ് ചിത്രം നിർമ്മിക്കുന്നത്. രജീഷ വിജയൻ നായികയായി ഓണത്തിന് തിയേറ്ററുകളിൽ എത്തിയ ഫൈനൽസിനെക്കുറിച്ച് മികച്ച അഭിപ്രായമാണ്.അതേ സമയം ധനുഷും മഞ്ജു വാര്യരും ഒന്നിക്കുന്ന അസുരൻ ഒക്ടോബർ 4ന് തിയേറ്ററുകളിലെത്തും.
കാർത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ധനുഷ് ഇപ്പോൾ ലണ്ടനിലാണ്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. ഉലകം ചുറ്റം വാലിബൻ എന്ന പേര് പരിഗണനയിലുണ്ട്. 1973−ൽ ഇതേ പേരിൽ ഒരു എം.ജി.ആർ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടയാണ് ഉടൻ തിയേറ്ററുകളിലെത്തുന്ന മറ്റൊരു ധനുഷ് ചിത്രം. മേഘ ആകാശാണ് അതിലെ നായിക.