നോക്കിയ 2.4 വിപണിയിൽ

നോക്കിയയുടെ പുതിയ ഫോൺ Nokia 2.4 വിപണിയിലെത്തി. രണ്ടുദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ ഉറപ്പുനൽകുന്നത്. രാജ്യത്തെ ബജറ്റ് സ്മാർട്ട്ഫോൺ ശ്രേണിയിൽ ഇടംപിടിക്കാനാണ് നോക്കിയ 2.4ലിലൂടെ ലക്ഷ്യമിടുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായെത്തിയ നോക്കിയ 2.4യ്ക്ക് 10,399 രൂപയാണ് വില. ഡസ്ക്, ഫ്യോര്‍ഡ്, ചാർക്കോൾ എന്നിങ്ങനെ മൂന്നു നിറങ്ങളിൽ നോക്കിയ 2.4 വാങ്ങാം. ഇന്ന് മുതൽ ഡിസംബർ 4 വരെ നോക്കിയ വെബ്‌സൈറ്റിലൂടെ (Nokia.com/phones) മാത്രമാണ് ഫോണിന്റെ വിൽപന നടക്കുക.
ഡിസംബർ 4 മുതൽ ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിലും തെരഞ്ഞെടുത്ത റീറ്റെയ്ൽ സ്റ്റോറുകളിലും നോക്കിയ 2.4 ലഭിക്കും. ജെയിംസ് ബോണ്ട് സിനിമകളുമായുള്ള സഹകരണത്തിന്റെ ഭാഗമായി 007 സ്പെഷ്യൽ എഡിഷൻ ബോട്ടിൽ, ക്യാപ്, മെറ്റൽ കീചെയ്ൻ എന്നിവ നോക്കിയ വെബ്‌സൈറ്റ് വഴി 2.4 ബുക്ക് ചെയ്യുന്ന ആദ്യ 100 പേർക്ക് ഒരുക്കിയിട്ടുണ്ട്. 3550 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ജിയോ ഉപഭോക്താക്കൾക്ക് തയാറാക്കിയിട്ടുണ്ട്. 349 പ്രീപെയ്ഡ് റീചാർജിൽ 2000 രൂപ വരെ ക്യാഷ്ബാക്ക്, 1550 വൗച്ചറുകൾ എന്നീ ഓഫറുകളാണ് ജിയോ ഉപഭോക്താക്കൾക്ക് സ്പെഷ്യലായി ലഭിക്കുക. നിലവിലെ ജിയോ ഉപഭോക്താക്കൾക്കും പുതുതായി ജിയോ സിം വാങ്ങുന്നവർക്കും ഈ ഓഫർ ബാധകമാണ്.
ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം. അടുത്ത രണ്ടുവർഷത്തേക്ക് ആൻഡ്രോയിഡ് അപ്‍ഡേറ്റുകൾ നോക്കിയ 2.4ന് ലഭിക്കും. മാത്രമല്ല സെക്യൂരിറ്റി അപ്‍ഡേറ്റുകൾ 3 വർഷത്തേക്ക് ലഭിക്കും. 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് നോക്കിയ 2.4നുള്ളത്. 20:9 ആണ് ഡിസ്‌പ്ലേയുടെ ആസ്പെക്ട് റേഷ്യോ. 3 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക്കിന്റെ ഹീലിയോ പി 22 ചിപ്‌സെറ്റിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 64 ജിബി ഇന്റെർണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 512ജിബി വരെയായി ഉയർത്താനും കഴിയും.
13 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ സംവിധാനമാണ് നോക്കിയ 2.4നുള്ളത്. മുൻവശത്ത് 5 മെഗാപിക്‌സൽ സെൽഫി ക്യാമറായുമുണ്ട്. 4500mAh ബാറ്ററിയാണ് നോക്കിയ 2.4-ന്റെ പ്രധാന ആകർഷണം. ഒരു തവണ ചാര്‍ജ് ചെയ്താൽ രണ്ട് ദിവസം വരെ പ്രവർത്തിക്കാനാവുമെന്നാണ് നിർമാതാക്കളുടെ വാദം. 4G എൽടിഇ കണക്ടിവിയുള്ള നോക്കിയ 2.4ന് പുറകിൽ ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്. 189 ഗ്രാമാണ് ഫോണിന്റെ ഭാരം.