റിസർവ് ബാങ്കിന്റെ നയപ്രഖ്യാപനം സമ്പദ്‍വ്യവസ്ഥയുടെ ആത്മവിശ്വാസം വർധിപ്പിക്കും: രാജീവ് ചന്ദ്രശേഖർ


തിരുവനന്തപുരം: കൊറോണ മൂലമുളള സാമ്പത്തിക ആഘാതം ലഘൂകരിക്കാനായുളള റിസർവ് ബാങ്കിന്റെ നയപ്രഖ്യാപനം സമ്പദ്‍വ്യവസ്ഥയുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് രാജ്യസഭാ എം പി രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ബാങ്കിന്റെ നയതീരുമാനങ്ങൾ വിപണിയുടെ സ്ഥിരത ഉറപ്പാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം ഇതു സംബന്ധിച്ച് പ്രതികരിച്ചത്. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ട് അനുവദിച്ച നടപടി, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കായി (എൻബിഎഫ്സി) പ്രഖ്യാപിച്ച 50,000 കോടിയുടെ ദീർഘകാല റിപ്പോ പ്രവർത്തനങ്ങൾ (ടി‌എൽ‌ടി‌ആർ‌ഒ), എൻ‌പി‌എ മാനദണ്ഡം മൊറട്ടോറിയം കാലയളവിൽ ഒഴിവാക്കാനുളള തീരുമാനം എന്നിവ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് അദ്ദേഹം വിലയിരുത്തി.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് നടത്തിയ നയപ്രഖ്യാപനത്തിൽ റിവേഴ്സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചതായി അറിയിച്ചു. നേരത്തെ നാല് ശതമാനം ആയിരുന്ന നിരക്ക് ഇതോടെ നിരക്ക് 3.75 ശതമാനമായി കുറഞ്ഞു.  എന്നാൽ, റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല. ഇത് നിലവിലെ 4.4 ശതമാനമായി തുടരും. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്ക് ധനസമാഹരണത്തിന് പ്രയാസമായതിനാൽ പണലഭ്യത വർദ്ധിപ്പിക്കുന്നതിന് സെൻട്രൽ ബാങ്ക് ഇന്ന് നിരവധി നടപടികളാണ് പ്രഖ്യാപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed