സംസ്ഥാനത്തെ എന്‍ബിഎഫ്‌സികള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തിക്കും

കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. സംസ്ഥാനത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റവും കുറഞ്ഞ ജീവനക്കാരുമായി ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. ലോക്ക്ഡൗണിനെ തുടര്‍ന്ന് എന്‍ബിഎഫ്‌സികളുടെ ശാഖകള്‍ അടച്ചുപൂട്ടുകയും ബാങ്കുകള്‍ സ്വര്‍ണപ്പണയം പോലുള്ള വായ്പ നല്‍കുന്നത് നിര്‍ത്തുകയും ചെയ്തതോടെ സാധാരണക്കാര്‍ അത്യാവശ്യത്തിനായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു. ”രാജ്യത്തെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് എന്‍ബിഎഫ്‌സികള്‍. സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും പ്രധാന റോളുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് എന്‍ബിഎഫ്‌സികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കപ്പെട്ടത് ഇതിനകം തന്നെ സാധാരണക്കാരെ പലവിധത്തില്‍ ബാധിച്ചിട്ടുണ്ട്,” പ്രവര്‍ത്തനം പുനഃരാരംഭിക്കാനുള്ള തീരുമാനം അറിയിക്കവേ കേരളത്തിലെ എന്‍ബിഎഫ്‌സികളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് (കെഎന്‍ബിഎഫ്‌സി)യുടെ ചെയര്‍മാന്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി എന്‍ബിഎഫ്‌സികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തോടും അസോസിയേഷന്‍ നന്ദി അറിയിച്ചു.