പുതുവർഷം ഒന്നുമുതൽ പണം പിൻവലിക്കാൻ ഒടിപി

അനധികൃത പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി ജനുവരി ഒന്നു മുതൽ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഒടിപി സംവിധാനം.
മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കുന്ന എസ് ബി ഐ അക്കൗണ്ടുള്ളവർക്ക് ഈ സംവിധാനമുണ്ടാകില്ല.
എടിഎമ്മിലൂടെ വന്‍ തോതില്‍ തട്ടിപ്പുകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കാരത്തിന് എസ്‌ബിഐ ഒരുങ്ങുന്നത്. ഒടിപി അധിഷ്ഠിതമാണ് പണം പിന്‍വലിക്കലെങ്കില്‍ ഹാക്കര്‍മാര്‍ക്ക് പണി എളുപ്പമല്ല. അക്കൗണ്ടുടമയുടെ റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കിയാലല്ലാതെ പണം പിന്‍വലിക്കാനാവില്ല എന്നതിനാല്‍ ഇവിടെ ഉടമ അറിയാതെയുള്ള ഇടപാട് അസാധ്യമാണ്.
പുതിയ സംവിധാനത്തില്‍ പണം പിന്‍വലിക്കുന്നതിന് എടിഎം മെഷിനില്‍ കാര്‍ഡ് നിക്ഷേപിച്ചതിന് ശേഷം ഇന്‍സ്ട്രക്ഷന്‍ അനുസരിച്ച് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ അടിച്ച് കൊടുത്ത് പണം കൈപ്പറ്റാം. ഫോണ്‍ കൈയ്യിലുണ്ടെന്നും സ്വിച്ച് ഓഫ് അല്ലെന്നും ഇടപാടുകാരന്‍ ഉറപ്പു വരുത്തണം.