മണി ട്രാൻസ്ഫർ: എക്സ്പ്രസ് മണിയും ട്രാവലക്‌സും ഒരുമിക്കുന്നു

മനാമ: സൗകര്യപ്രദമായി പണമയക്കുന്നതിനുള്ള സംവിധാനങ്ങൾക്കായി രാജ്യത്തെ പ്രമുഖ മണി ട്രാൻസ്ഫർ ബ്രാന്റായ ട്രാവലക്‌സും വിദേശനാണ്യ വിനിമയത്തിൽ പ്രശസ്തമായ എക്സ്പ്രസ് മണിയും ഒന്നിക്കുന്നു. രാജ്യത്തെന്പാടുമുള്ള തങ്ങളുടെ 27 ബ്രാഞ്ചുകളിലാണ് എക്സ്പ്രസ് മണിയുമായി സഹകരിച്ച് ട്രാവലക്സ് ഇതിനായി സൗകര്യമേർപ്പെടുത്തുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ട്രാവലക്‌സും എക്സ്പ്രസ് മണിയും. സ്തുത്യർഹമായ സേവനത്തിലൂടെ ഇരു കന്പനികളും രാജ്യത്ത് ജനവിശ്വാസം നേടിയെടുത്തിട്ടുണ്ട്.
എക്സ്പ്രസ് മണി - ട്രാവലക്സുമായുള്ള സഹകരണത്തിലൂടെ സേവനങ്ങൾ കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് എക്സ്പ്രസ് മണി സി.ഒ.ഒ സുധീഷ് ഗിരിയൻ പറഞ്ഞു. ട്രാവലക്സ് നൽകുന്ന സൗകര്യപ്രദമായ ലൊക്കേഷനുകളും എക്സ്പ്രസ് മണി ഉറപ്പ് നൽകുന്ന സുരക്ഷിതമായ മണിട്രാൻസ്ഫറും ഒത്തുചേരുന്പോൾ അത് ഉപഭോക്താക്കൾക്ക് മികച്ച അനുഭവമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്സ്പ്രസ് മണിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ട്രാവലക്സ് പ്രോഡക്ട് ഡിവലപ്മെന്റ് മേധാവി ലൂയിസ് ബ്രിഡ്‌ഗർ പറഞ്ഞു. തങ്ങളുടെ സേവനപരിധിയെ കൂടുതൽ വികസിപ്പിക്കാൻ ഈ കൂട്ടുകെട്ട് സഹായിക്കുമെന്നാണ് കരുതുന്നത്. വ്യത്യസ്തവും സൗകര്യപ്രദമായ സേവനങ്ങളേർപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രാവലക്‌സും എക്സ്പ്രസ് മണിയും ഒന്നിക്കുന്ന ഈ അവസരത്തിൽ ഉപഭോക്താക്കൾക്കായി 100 സ്വർണനാണയങ്ങൾ സമ്മാനമായി നൽകുന്നുണ്ട്. ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്.
വാർത്താസമ്മേളനത്തിൽ ‘എക്സ്പ്രസ് മണി’ സി.ഒ.ഒ സുധേഷ് ഗിരിയൻ, ‘ട്രാവലക്സ്’ മേധാവി (പ്രൊഡക്ട് ഡെവലപ്മെന്‍റ്) ലൂയി ബ്രിഡ്ജർ, ടി. ശ്രീജിത്ത്, രാജേഷ് കുമാർ, ബിജു ജേക്കബ്, എറോൾ ഫോൻസെക, അശ്വിൻ ഗെദാം, ജോഷ്വ വിൻസെന്‍റ് തുടങ്ങിയവർ സംബന്ധിച്ചു.