ഭർത്താവിന്റെ മൃതദേഹമെങ്കിലും കാണാനുള്ള അവകാശമില്ലേ?

രാജീവ് വെള്ളിക്കോത്ത്
മനാമ:ബഹ്‌റൈനിൽ ജോലി ചെയ്തു വരുന്നതിനിടെ കാണാതാവുകയും പിന്നീട് ഒരുമാസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സാജു കുര്യന്റെ മൃതദേഹമെങ്കിലും ഒന്ന് കാണണ മെന്നും വിട്ടുകിട്ടണമെന്നും നാട്ടിലുള്ള ഭാര്യ ബിന്ദു അധികൃതരോടാവശ്യപ്പെട്ടു.
സാജുവിന്റെ തിരോധാനവും തുടർന്ന് മരിച്ചുവെന്നുള്ള വാർത്തയും ലഭിച്ചതുമുതൽ കാണാതായതെങ്ങനെയെന്നും മരണ കാരണം എന്തായിരുന്നു എന്നുപോലും അറിയാതെയുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും ബഹ്‌റൈനിലുള്ള സഹോദരന്റെയും കാത്തുനിൽപ്പ് തുടരുകയാണ്. മരണം എന്നാണു നടന്നതെന്നുപോലും അറിയാൻ കഴിയാത്തതിനാൽ മരണാനന്തര ചടങ്ങുകൾ പോലും ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ ഭാര്യ എന്ന നിലയിൽ മൃതദേഹമെങ്കിലും ഒരു നോക്ക് കാണാനുള്ള അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണോ എന്നാണ് ബിന്ദു ചോദിക്കുന്നത്. സിയാം ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം പണമ്പുഴ സാജു കുര്യനെ (55 വയസ്സ്) ഒക്ടോബർ11 മുതലാണ് അദ്ദേഹത്തിന്റെ റിഫയിലെ താമസ സ്‌ഥലത്തു നിന്നും കാണാതായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പോലീസ് വിശദമായി അന്വേഷണം നടത്തിയെങ്കിലും ഒരുമാസമായി അദ്ദേഹത്തെപ്പറ്റി ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഭാര്യ ബഹ്‌റൈൻ പോലീസ് ഓംബുഡ്‌സ് മാന് അടക്കം പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ നവംബർ 13 ന് സാജു കുര്യന്റെ ബഹ്‌റൈനിലെ സഹോദരൻ സാബു കുര്യനെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അധികൃതർ വിളിപ്പിച്ച് റിഫയിലെ മരുഭൂമിയിൽ നിന്നും മൃതദേഹം ലഭിച്ചെന്ന വാർത്ത അറിയിക്കുകയായിരുന്നു.
എന്നാൽ മൃതദേഹം എവിടെ ഉണ്ടെന്നോ എപ്പോഴാണ് മരിച്ചതെന്നോ എങ്ങിനെ മരിച്ചുവെന്നോ ഉള്ള കാര്യം ഇതുവരെയും ബന്ധുക്കൾക്ക് അറിവില്ല . ഭർത്താവിൻറെ മരണത്തിൽ സംശയമുണ്ടെന്നും മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് ബിന്ദു പോലീസ് അധികൃതർക്കും ഇന്ത്യൻ എംബസിയിലും പരാതി നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ടും ദിവസങ്ങൾ പലതായി. ഇതുവരെയും യാതൊരു മറുപടിയും തങ്ങൾക്കു ലഭിച്ചില്ലെന്നും ഭർത്താവിന്റെ ഭൗതിക ശരീരമെങ്കിലും കാണാനുള്ള ഭാര്യയുടെ അവകാശം നിഷേധിക്കപ്പെടുകയാണെന്നും അവർ പറയുന്നു.
ബി എസ് സി നഴ്‌സിംഗ് വിദ്യാർഥിനിയായ മകളും,ഡിഗ്രി വിദ്യാർഥിയായ മകനും അടങ്ങുന്ന കുടുംബം സാജു കുര്യന്റെ വരുമാനത്തിൽ മാത്രമാണ് കഴിഞ്ഞിരുന്നത്. അടുത്ത ഡിസംബറിൽ ബഹ്‌റൈനിലെ പ്രവാസം അവസാനിപ്പിച്ചു ഇവർക്കൊപ്പം നാട്ടിൽ കഴിയാൻ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ കാണാതാകുന്നതും ഒടുവിൽ മൃതദേഹം കണ്ടെത്തുന്നതും. കമ്പനിയിൽ നിന്ന് സാജുവിന്റെ കുടുംബത്തിന് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഭാര്യ സഹോദരി ഫോർ പി എം ന്യൂസിനോട് പറഞ്ഞു.
ഭർത്താവിന്റെ മരണ വിവരം അറിഞ്ഞതോടെ രോഗാവസ്‌ഥയിൽ ആയ ഭാര്യ ബിന്ദുവും രണ്ടു മക്കളും അടങ്ങുന്ന കുടുംബം തീർത്തും നിരാലംബരായിരിക്കുകയാണ്. ബഹ്‌റൈനിലുള്ള സാജുവിന്റെ സഹോദരൻ സാബു കുര്യനും സഹോദരന്റെ വേർപാടുണ്ടാക്കിയ ആഘാതത്തിലാണുള്ളത്. മൃതദേഹം വിട്ടുകിട്ടിയില്ലെങ്കിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയ്ക്ക് അടക്കം പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് സാജുവിന്റെ ബന്ധുക്കൾ.