ഭീ­കരാ­ക്രമണങ്ങളെ­ അപലപി­ച്ച് ബഹ്‌റിൻ


മനാമ : ജോർദ്ദാനിലെ കറാകിലുണ്ടായ ഭീകരാക്രമണത്തെ ബഹ്‌റിൻ അപലപിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും, സംരക്ഷണത്തിനുമായുള്ള ജോർദ്ദാന്റെ പ്രയത്നങ്ങൾക്ക് രാജ്യത്തിൻ്റെ എല്ലാ പിന്തുണയും ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗം വാഗ്ദാനം ചെയ്തു.

തുർക്കിയിൽ റഷ്യൻ അംബാസിഡർ കൊല്ലപ്പെട്ട സംഭവത്തെയും യോഗം അപലപിച്ചു. ഭീകർക്കെതിരെ  നടപടിയെടുക്കാൻ തുർക്കിക്കും റഷ്യക്കും വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് യോഗം അറിയിച്ചു. റഷ്യയിലുണ്ടായ വിമാനാപകടത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ലോകത്തിന്റെ പലയിടങ്ങളിലായി നടക്കുന്ന ഭീകരാക്രമണങ്ങൾ ചെറുക്കുന്നതിനായി ബഹ്‌റിൻ പ്രവർത്തിക്കുമെന്ന് ജർമ്മനിയിലെ ബെർലിൻ ആക്രമണത്തെയും, യെമനിലെ ഏദനിലുണ്ടായ ആക്രമണത്തെയും കുറിച്ച് പ്രതിപാദിച്ചു കൊണ്ട് യോഗം പറഞ്ഞു.

കിരീടാവകാശിയും, ഡെപ്യുട്ടി സുപ്രീം കമാണ്ടറും, ഫസ്റ്റ് ഡെപ്യുട്ടി പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു ഇന്നലെ ഗുദൈബിയ പാലസിൽ യോഗം ചേർന്നത്. ദേശീയദിനാചരണത്തിന്റെ ഭാഗമായുള്ള ഹമദ് രാജാവിന്റെ പ്രസംഗത്തെ പ്രശംസിച്ച അദ്ദേഹം  രാജ്യത്തെയും, മേഖലയിലെയും, അന്താരാഷ്ട്രതലത്തിലെയും പ്രശ്നങ്ങളിലുള്ള രാജാവിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും എടുത്തു പറഞ്ഞു.  രാഷ്ട്രീയ, സാന്പത്തിക, സുരക്ഷാ സന്പന്ധമായി മറ്റു രാജ്യങ്ങളുമായുള്ള കരാറുകളും, ദേശീയ തന്ത്രങ്ങളും രാജ്യത്തിന്റെ വികസനത്തിനും, ദീർഘകാല പുരോഗതിയ്ക്കും വഴി വെക്കുമെന്നും, ഇത് രാജ്യത്തോടുള്ള ഗവൺമെന്റിന്റെ പ്രതിപത്തിയാണ് കാണിക്കുന്നതെന്നും ക്യാബിനറ്റ് സെക്രട്ടറി ജനറൽ ഡോ. യാസർ ബിൻ അൽ നാസ്സർ യോഗത്തിൽ അഭിപ്രായപ്പെട്ടു.

You might also like

Most Viewed