ഭഗവത്ഗീത ഉടൻ പാഠ്യപദ്ധതിയുടെ ഭാഗമാകും കർണാടക വിദ്യഭ്യാസ മന്ത്രി

കർണാടകയിൽ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. ഈ അധ്യായന വർഷം മുതൽ തന്നെ ഭഗവത്ഗീത പഠനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭഗവത്ഗീത ധാർമിക ശാസ്ത്ര വിഷയത്തിന് കീഴിലായിരിക്കും പഠിപ്പിക്കുകയെന്ന് മന്ത്രി അറിയിച്ചു.ഭഗവത്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സമിതിയെ രൂപീകരിച്ച് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി നിയമസഭ സെഷനിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
ബൈബിളും ഖുറാനും പോലെ ഭഗവത്ഗീത മതഗ്രന്ഥമല്ലെന്ന മന്ത്രി നാഗേഷിന്റെ പ്രസ്താവന വിവാദമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഗുജറാത്തിന്റെ മാതൃകയിൽ കർണാടകയിലും ഭഗവത്ഗീത പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭഗവത്ഗീത സിലബസിൽ ഉൾപ്പെടുത്തുന്നത് സർക്കാരിന്റെ നിലപാടാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞിരുന്നു.
അതേസമയം, വിദ്യാഭ്യസത്തിന്റെ പേരിൽ മതപരമായ കാര്യങ്ങളാണ് സർക്കാർ പഠിപ്പിക്കാൻ നോക്കുന്നതെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ് ഓർഗനൈസേഷൻ സെക്രട്ടറി അജയ് കാമത്ത് വിമർശിച്ചു. പുരാതന വിദ്യാഭ്യാസ സമ്പ്രദായം ദളിതരെയും സ്ത്രീകളെയും മാറ്റി നിർത്തിയിരുന്നെന്നും ഭഗവത്ഗീത അശാസ്ത്രീയമാണെന്നും കാമത്ത് പറഞ്ഞു. വിദ്യാർത്ഥികളിൽ അന്ധവിശ്വാസങ്ങൾ വളർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
xghxh