തലനീരിറക്കം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത

മുതിർന്നവരിൽ വളരെയധികം കേൾക്കുന്ന ഒന്നാണ് തലനീരിറക്കം. ശിരസ്സിൽ നിന്നിറങ്ങുന്ന നീർക്കെട്ട് എല്ലാ അവയവങ്ങളെയും ബാധിച്ച് വിവിധ രോഗങ്ങൾക്കു കാരണമാകുന്നു. ശിരസിൽ നിന്നിറങ്ങുന്ന നീർക്കെട്ട് അസ്ഥിയിൽ സഞ്ചിതമായാൽ കൈകളുടെയും കാലുകളുടെയും മുട്ടുവേദന, തോൾസന്ധിവേദന, സന്ധിവേദന മുതലായവ ഉണ്ടാകാം, ഇതിനെ രക്തവാതമെന്നും പറയുന്നു. തലനീരിറങ്ങി ഉണ്ടാകുന്ന വേദനകൾ പലപ്പോഴും കുത്തിനോവ് ഉണ്ടാകുന്ന പോലത്തെ അനുഭവമാകും ഉണ്ടാക്കുന്നത്.
ആയുർവേദ പ്രകാരം ശാരീരിക രോഗങ്ങൾക്കും പ്രധാന കാരണം രക്തത്തിലെ മാലിന്യങ്ങളിൽ നിന്നുള്ള നീര് ആണ്. ഈ നീര് ഭാവിയിൽ വിവിധ രോഗങ്ങളായി മാറും. ആയുർവേദ ചികിത്സാരീതിയിൽ തലനീരിറക്കത്തിന് ഒരു ശാസ്ത്രീയവശം തന്നെയുണ്ട്. കഫത്തിന്റെ ദോഷമായിട്ടാണ് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നത്. നീർക്കെട്ട് ശരീരത്തിന്റെ ഏത് ഭാഗത്താണോ പറ്റിപ്പി ടിക്കുന്നത് ആ അവയവത്തിലേക്കുള്ള രക്തയോട്ടവും വായുസഞ്ചാരവും തടസ്സപ്പെടുന്നു. ആ ശരീരഭാഗത്ത് രോഗം ഉണ്ടാകാനുള്ള സാധ്യതകളും കൂടുന്നു. രക്തത്തിൽ തിങ്ങി നിറഞ്ഞ മാലിന്യങ്ങൾ ശിരസ്സിൽ സഞ്ചരിക്കുകയും വെള്ളം താഴോട്ടൊഴുകുന്നതുപോലെ ജലസ്വഭാവമുള്ള ദോഷങ്ങൾ താഴെ ശരീരത്തിലേക്ക് ഇറങ്ങുകയും ശരീരത്തിന്റെ പലഭാഗങ്ങളിലായി പറ്റി പിടിക്കുകയും ചെയ്യുന്നു.
ശരീരത്തിന്റെ ദോഷങ്ങൾ മനസിനെയും മറിച്ച് മനസിന്റെ ദോഷങ്ങൾ ശരീരത്തെയും ബാധിക്കും.
നീർക്കെട്ടുകൾ നിറഞ്ഞ ശരീരത്തിൽ കുടികൊള്ളുന്ന മനസിനെയും ഒരുപാട് ദോഷങ്ങൾ ബാധിക്കുകയും മാനസികമായിട്ടുള്ള പലരോഗങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ദുഷിക്കാതിരിക്കുന്ന വായു ആരോഗ്യത്തിനും ദുഷിച്ച വായു രോഗങ്ങൾക്കും കാരണമായി തീരുന്നു. നീർക്കെട്ടുകൾ ശരീരകോശങ്ങളിലും സൂക്ഷ്മ കോശങ്ങളിലും പ്രാണവായുവും കലർന്ന രക്തം എത്തിച്ചേരാതിരിക്കുന്നതിനാൽ ആ അവയവത്തിന്റെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ച് രോഗ കാരണമാകുന്നു.വ്യായാമം ചെയ്യാതിരിക്കുക,അമിതമായി ആഹാരം കഴിക്കുക, കഫസ്വഭാവമുള്ള ആഹാരസാധനങ്ങൾ കഴിക്കുക, ക്രമം തെറ്റിയ ആഹാരരീതികൾ എന്നിവയും ഒഴിവാക്കേണ്ടതാണ്.