എയർടെലിൽ 7500 കോടി നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ


ഭാരതി എയർടെലിൽ 100 കോടി ഡോളർ(7500 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്റെ ഭാഗമായാണ് നിക്ഷേപം. ഇരുകന്പനികളും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്ന ദീർഘകാലത്തേക്കുള്ള ഇടപാടായിരിക്കും ഇത്. 5ജിയുടെ വിവിധങ്ങളായ ഉപയോഗ സാധ്യതകൾ ഇരു കന്പനികളും ചേർന്ന് അന്വേഷിക്കും. ഒപ്പം വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ക്ലൗഡ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.

700 കോടി ഡോളറിന്റെ നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്തം എയർടെൽ ഗൂഗിളിന് നൽകും. ബാക്കിയുള്ള 300 കോടി ഡോളർ മറ്റ് കരാറുകളുമായി ബന്ധപ്പെടുള്ളതാണ്. ഇന്ത്യക്കാർക്കിടയിൽ ആൻഡ്രോയിഡ് സ്മാർട് ഫോണിന് പ്രചാരം വർധിപ്പിക്കാനുള്ള പരിപാടികളും ഈ കരാറുകളുടെ ഭാഗമാണ്. കുറഞ്ഞ നിരക്കിലുള്ള ആൻഡ്രോയിഡ് ഉപകരണങ്ങൾ ഇരു കന്പനികളും ചേർന്ന് വിവിധ സ്മാർട്ഫോൺ നിർമാണ കന്പനികളുടെ പിന്തുണയോടെ ഇന്തക്കാരിലെത്തിക്കും.

അതേസമയം റിലയൻസ് ജിയോയിലും ഗൂഗിൾ നിക്ഷേപം നടത്തിയിട്ടുണ്ട്. എയർടെലിലും നിക്ഷേപം നടത്തിയതിലൂടെ ഇന്ത്യയിലെ രണ്ട് മുന്നിര ടെലികോം കന്പനികളിൽ ഗൂഗിളിന് ഓഹരി പങ്കാളിത്തം ലഭിക്കും.

ഇരു കന്പനികളുടെയും ഭാവി പദ്ധതികൾക്ക് അധികൃതരിൽ നിന്നുള്ള അനുമതികൾ കൂടി ലഭിക്കേണ്ടതായുണ്ട്. ഗൂഗിളും എയർടെലും സഹകരിച്ചുള്ള പദ്ധതികൾ ഏതെല്ലാം തലത്തിലായിരിക്കുമെന്നും എയർടെലിന്റെ സേവനങ്ങളിൽ അത് ഏത് രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്നും അറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.     

You might also like

Most Viewed