ഉത്തരേന്ത്യയല്ല കേരളം....

പ്രദീപ് പുറവങ്കര
അമിത് ഷായുടെ യാത്ര കേരളത്തിൽ ചർച്ചചെയ്യപ്പെടുകയാണ്. രാജ്യം ഭരിക്കുന്ന ബിജെപിക്ക് കേരളം എന്നത് ഒരു വലിയ സ്വപ്നമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടാൻ സാധിച്ചെങ്കിലും മൊത്തമായി നോക്കുകയാണെങ്കിൽ കേരളം ഇന്നും ഒരു ബാലികേറാമലയായി അവരുടെ മുന്പിൽ ഉയർന്ന് തന്നെ നിൽക്കുന്നു. അതിന് മുഖ്യകാരണം ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി തന്നെയാണെന്നത് ഏത് കോൺഗ്രസുകാരനും സമ്മതിക്കും. അതു കൊണ്ടാണ്് മുസ്ലീം തീവ്രവാദത്തിനോടൊപ്പം തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മുഖ്യ ശത്രുവാക്കി ഒരു ജാഥയിൽ പങ്കെടുക്കാൻ വളരെയേറെ തിരക്കുള്ള ബിജെപിയുടെ ദേശീയാദ്ധ്യക്ഷന് തോന്നുന്നത്. ദേശീയ തലത്തിൽ തന്നെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ശബ്ദം ഏറ്റവും ശക്തമായി ഉയരുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കേരളത്തിന്റേതാണ്. ആ സ്വരത്തിന്റെ ശക്തി ഇടതുപക്ഷ സർക്കാർ അധികാരമേറ്റത് മുതൽ കൂടിവരികയുമാണെന്നതും സത്യമാണ്.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പറ്റി ഈ ജാഥയിൽ സംസാരിച്ച ബിജെപി ദേശീയ അദ്ധ്യക്ഷൻ ഈ അക്രമങ്ങളൊക്കെ ഉണ്ടാക്കുന്നത് സിപിഎം ആണെന്നും, അതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്നുമാണ് ആരോപിച്ചിരിക്കുന്നത്. ഇതേ ജാഥയിൽ പങ്കെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് കേരളം യുപിയെ കണ്ട് പഠിക്കണമെന്നാണ്. ഡെങ്കിപനി, ചിക്കൻ ഗുനിയ തുടങ്ങിയ അസുഖങ്ങൾ കാരണം നിരവധി പേർ മരിക്കുന്നുണ്ടെന്നും യുപിയിൽ ഇങ്ങിനെയൊന്നും സംഭവിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ശ്രീ യോഗി ആദിത്യനാഥിന്റെ മണ്ധലത്തിൽ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ വാർത്ത നമ്മെ വല്ലാതെ വേദനിപ്പിച്ചിട്ട് കാലം കുറേയൊന്നുമായിട്ടില്ല. ഈ കുഞ്ഞുങ്ങളെല്ലാം മരിച്ചത് ഓക്‌സിജൻ കിട്ടാതെയല്ല, പകരം അസുഖം മൂർഛിച്ചാണെന്ന് ഇന്നും യോഗി പറയുന്നു. എന്നാൽ എന്തുകൊണ്ട് ഇത്രയേറെ കുഞ്ഞുങ്ങൾക്ക് അടുപ്പിച്ച് അസുഖം വന്ന് ഒരേ ആശുപത്രിയിൽ തന്നെ മരിച്ചുവെന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരമില്ല. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ തെളിയിക്കുന്നത് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് നടപ്പാക്കുന്നതിൽ ഏറ്റവും പരാജയപ്പെട്ട സംസ്ഥാനം ഉത്തർപ്രദേശ് ആണെന്നാണ്. അതേസമയം ഏറ്റവുമധികം വിജയിച്ച സംസ്ഥാനം കേരളമാണെന്നും പറയുന്നു. കുട്ടികൾക്ക് ആവശ്യത്തിന് വിദ്യാഭ്യാസം കൊടുക്കുന്നതിൽ പരാജയപ്പെടുന്ന സംസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള ഉത്തർപ്രദേശ് തന്നെ. ഗോസംരക്ഷണത്തിന്റെ പേരിൽ ദളിതരും മുസ്ലിങ്ങളും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ഇവിടെ തന്നെ. അപ്പോൾ ഇതിനെയാണോ കേരള സർക്കാർ കണ്ടുപഠിക്കേണ്ടത്.
ഇങ്ങിനെ അർത്ഥമില്ലാത്ത വാദങ്ങൾ ഉന്നയിച്ചാൽ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല. അതിന്റെ ഒരു പ്രധാനപ്പെട്ട കാരണം സന്പൂർണ്ണ സാക്ഷരത എന്ന വലിയ നേട്ടം വളരെ മുന്പ് തന്നെ കരസ്ഥമാക്കിയ സംസ്ഥാനമാണ് കേരളം എന്നതാണ്. വായിക്കുവാനും, പരസ്പരം കാര്യങ്ങൾ അറിയുവാനുമൊക്കെ സാധിക്കുന്ന ഒരു സമൂഹം തന്നെയാണ് ഇന്നും മലയാളികൾ. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയിലെ പട്ടിണിപാവങ്ങളെ പറഞ്ഞുപറ്റിക്കാവുന്ന രീതി കേരളത്തിൽ ചിലവാകുമെന്ന് തോന്നുന്നില്ലെന്ന് മാത്രം പറഞ്ഞുകൊണ്ട്...