ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ബസ് സർവീസ് വിപുലീകരിച്ചു

ദുബൈയിൽ നിന്ന് മസ്കറ്റിലേക്കുള്ള ബസ് സർവീസ് വിപുലീകരിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഒമാനിലെ ദേശീയ ഗതാഗത കന്പനിയായ മുവാസലത്തുമായി സഹകരിച്ചാണ് പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.
55 ദിർഹമാണ് ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക്. തിരിച്ചും വരുന്നുണ്ടെങ്കിൽ 90 ദിർഹം നൽകണം. രാവിലെ 7.30, ഉച്ചക്ക് 3.30, രാത്രി 11 മണി എന്നിങ്ങനെ ദിവസേന മൂന്ന് സർവീസുകളുണ്ട്. യാത്രികർക്ക് ദുബൈയിലെ മൂന്ന് സ്റ്റോപ്പുകളിൽനിന്ന് കയറാം. അബു ഹൈൽ മെട്രോ േസ്റ്റഷൻ, ദുബൈ എയർപോർട്ട് ടെർമിനൽ− രണ്ട്, റഷീദിയ മെട്രോ േസ്റ്റഷൻ എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പുള്ളത്. 50 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ വൈഫൈ അടക്കമുള്ള സൗകര്യങ്ങളും സുരക്ഷയ്ക്കായി ആധുനിക സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് വാങ്ങേണ്ട സംവിധാനമാണ് നിലവിലുള്ളത്. എന്നാൽ അധികം താമസിക്കാതെ ഓൺലൈൻ ആയി ബുക്ക് ചെയ്യാനും നോൽ കാർഡ് ഉപയോഗിക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബൈ − മസ്കറ്റ് ബസുകൾ നേരത്തേ ഉണ്ടായിരുന്നെങ്കിലും മെച്ചപ്പെട്ട സേവനങ്ങളും കൂടുതൽ സ്റ്റോപ്പുകളുമായി സർവീസ് വിപുലീകരിക്കുകയാണ് ചെയ്തത്.