യുദ്ധരാജ്യങ്ങളിലെ പൗരന്മാർക്ക് യു.എ.ഇയുടെ ഒരു വർഷത്തെ താമസ വിസ

ദുബൈ : യുദ്ധകെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ഒരുവർഷത്തെ താമസവിസ അനുവദിക്കാൻ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ വിസ സ്റ്റാറ്റസ് ഏത് അവസ്ഥയിലാണെങ്കിലും ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ഒരു വർഷത്തേക്ക് കൂടി വിസ പുതുക്കി നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലെ പൗരന്മാർ സ്വദേശത്തേക്ക് തിരിച്ചുപോകാത്തതിനാലുള്ള പിഴകളും ഒഴിവാക്കി നൽകും. യുദ്ധം നാശം വിതക്കുന്ന നിരവധി രാജ്യങ്ങളിലെ പൗരന്മാർക്ക് ആശ്വാസമാകുന്നതാണ് യു.എ. ഇ മന്ത്രിസഭയുടെ തീരുമാനം. യുദ്ധക്കെടുതി മാത്രമല്ല പ്രകൃതി ദുരന്തങ്ങളിൽ ഉഴലുന്ന രാജ്യങ്ങളിലെ പൗരന്മാർക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമായിരിക്കും.
നാശം നേരിട്ട രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്തതിനാൽ വിസ കാലാവധി കഴിഞ്ഞും യു.എഇയിൽ തങ്ങിയതിന് ഇവർ അടക്കണ്ടിയിരുന്ന വൻതുകയുടെ പിഴയും പൂർണായി ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
യുദ്ധക്കെടുതി അനുഭവിക്കുന്നവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനായി യു.എ.ഇ മുന്നോട്ട് വെച്ച സുപ്രധാന ചുവടുവെപ്പാണിതെന്ന് ഹ്യൂമൻ റൈറ്റ്സ് അഡ്വാൻസ്മെന്റ് ആൻഡ് ഗ്ലോബൽ ഡയലോഗ്സിന്റെ ജനീവ സെന്റർ ചെയർമാൻ ഡോ. ഹനീഫ് ഹസൻ പറഞ്ഞു.