നിപ്പാ വൈറസ് : ഗൾഫിലേക്കുള്ള കാർഗോ കയറ്റുമതി നിയന്ത്രണം പിൻവലിക്കുന്നത് വൈകും

ദുബൈ : നിപ്പാ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തിലും ഗൾഫിലേക്കുള്ള കാർഗോ കയറ്റുമതി നിയന്ത്രണം പിൻവലിക്കാൻ കാല താമസമെടുക്കും. നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളിലെ കസ്റ്റംസ് -ആരോഗ്യ വകുപ്പ് അടക്കം ഇടപെട്ട് കർശന പരിശോധന നടത്തി സർട്ടിഫൈ ചെയ്താൽ മാത്രമേ നിയന്ത്രണം പിൻവലിക്കാനാവൂ. ഇത് കാർഗോ ഏജൻസികൾക്ക് കനത്ത സാന്പത്തിക നഷ്ടം വരുത്തും. നിപ്പാ വൈറസ് ബാധയും അതേത്തുടർന്നുള്ള മരണങ്ങളും വിദേശരാജ്യങ്ങളിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇന്ത്യക്കാരായ പ്രവാസികൾ കൂടുതലായും ജോലി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലാണെന്നുള്ളതിനാലാണ് ഈ ആശങ്ക.
കേരളത്തിൽ നിന്നെത്തുന്ന പഴം പച്ചക്കറി വിപണിക്ക് വരെ ഇതുവഴി ഗൾഫ് രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരെ തെർമൽ സ്കാനിംഗിന് വിധേയമാക്കുന്നുമുണ്ട്. കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളാണ് ആദ്യം കേരളത്തിൽ നിന്നുള്ള കാർഗോ നിർത്തലാക്കിയത്. മൂന്ന് ദിവസത്തിന് ശേഷം ദുബൈ, ഷാർജ, അബുദാബി നഗരങ്ങളിലും ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തി. ഇത് പെരുന്നാൾ സീസൺ സമയത്തെ കാർഗോ കയറ്റുമതിയെ സാരമായി ബാധിച്ചു.
ഭക്ഷ്യേതര ഉൽപ്പന്നങ്ങളാണ് നിലവിൽ കാർഗോ കയറ്റുമതിയിൽ തുടരുന്നത്. കരിപ്പൂർ, നെടുന്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നായി വിദേശ രാജ്യങ്ങളിലേക്ക് 150 മുതൽ 200 വരെ ടൺ ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ സർവ്വീസില്ലാത്തതിനാൽ നെടുന്പാശ്ശേരിയിൽ നിന്നാണ് കാർഗോ കൂടുതൽ കയറ്റുമതിയുള്ളത്. മൂന്ന് വിമാനത്താവളങ്ങളിൽ നിന്നായി യു.എ. ഇ, സൗദി മേഖലയിലേക്ക് കൂടുതൽ കയറ്റുമതി. ഇതിൽ യു.എ.ഇയിലേക്ക് പൂർണമായും കയറ്റുമതി നിർത്തിവെച്ചിരിക്കുകയാണ്.
പെരുന്നാൾ, ഓണം, വിഷു ആഘോഷവേളകളിലാണ് ഗൾഫിൽ സാധനങ്ങൾക്ക് ആവശ്യക്കാരേറുന്നത്. കരിപ്പൂർ, നെടുന്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയുള്ള പഴം, -പച്ചക്കറി ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇക്കാലയളവിലാണ് വർദ്ധിക്കുന്നത്. പതിവ് യാത്രാ വിമാനങ്ങൾക്ക് പുറമെ കാർഗോ വിമാനങ്ങളും സർവ്വീസ് നടത്താറുണ്ട്.
ഗൾഫിലേക്ക് വിമാനങ്ങൾ ഏറെയുളള കൊച്ചി വഴിയാണ് കാർഗോ കയറ്റുമതി കൂടുതലുള്ളത്. ദിനേന കൊച്ചിയിൽ നിന്ന് 100 മുതൽ150 ടൺ വരെ കാർഗോ കയറ്റി അയച്ചിരുന്നത് ഇപ്പോൾ 50 മുതൽ 75 വരെയായി. കരിപ്പൂരിൽ 50 ടണ്ണിൽ നിന്ന് 20ലേക്ക് താഴ്ന്നു. വലിയ വിമാനങ്ങളില്ലാത്ത കരിപ്പൂരിൽനിലവിലുള്ള ചെറിയ വിമാനങ്ങളാണ് കാർഗോ കൊണ്ടുപോകുന്നത്. പച്ചക്കറികൾ വിമാനത്താവള പരിസരങ്ങളിലെ ഗോഡൗണുകളിലെത്തിച്ച് പ്രത്യേകം പാക്ക് ചെയ്താണ് ഗൾഫിലേക്ക് കയറ്റി അയക്കുന്നത്.