അബുദാബി ലൂവ്ര് മ്യൂസിയം ഉദ്ഘാടനം നവംബർ 11-ന്

അബുദാബി : അബുദാബി ലൂവ്ര് മ്യൂസിയം നവംബർ 11−ന് സഞ്ചാരികൾക്ക് തുറന്ന് കൊടുക്കും. കാഴ്ചയുടെ അത്ഭുതലോകമായിരിക്കും ലൂവ്ര് മ്യൂസിയം സന്ദർശകർക്ക് സമ്മാനിക്കുക. ആദ്യഘട്ടത്തിൽത്തന്നെ നിർമ്മിതിയിലെ വൈവിധ്യംകൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് അബുദാബിയിലെ ലൂവ്ര് മ്യൂസിയം. അബുദാബി ദുബൈ റോഡിൽ സാദിയാത് ദ്വീപിൽ ഒരു പളുങ്ക് തളിക കമിഴ്ത്തിവെച്ചപോലുള്ള നിർമ്മിതി അതുവഴി യാത്രചെയ്യുന്നവരുടെയല്ലാം ശ്രദ്ധ യാകർഷിച്ച കാഴ്ചയാണ്.
മ്യൂസിയം സന്ദർശകർക്കായി തുറന്ന് നൽകുന്നതോടെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ അബുദാബിയുടെ പേര് കൂടുതൽ തെളിമയോടെ ഉറപ്പിക്കപ്പെടുകയാണ്. 2007− ലാണ് പാരീസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയം ലോക സൃഷ്ടികളുടെ പ്രദർശനം കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബിയിലെ മ്യൂസിയമെന്ന പ്രഖ്യാപനം നടത്തിയത്.
തുടർന്ന് പത്ത് വർഷത്തോളം നീണ്ട നിർമ്മാണ പ്രവർത്ത നങ്ങൾക്കൊടുവിലാണ് അബുദാബിയിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നായ സാദിയാത്തിൽ ലൂവ്ര് മ്യൂസിയം പ്രവർത്തനം കുറിക്കാനൊരുങ്ങുന്നത്.
മാനവികതയും അതിന്റെ ഒരുമയും എന്ന ആശയമാണ് മ്യൂസിയം സന്ദർശകരുമായി പങ്ക് വെക്കുക. മനുഷ്യകുലത്തിന്റെ ആരംഭം മുതൽ ഇന്ന് വരെയുള്ള കലാസൃഷ്ടികളുടെ പ്രദർശനമാണ് ലൂവ്ര് അബുദാബിയിലുണ്ടാവുക.