ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടിക്ക് തുടക്കം

ദുബൈ : ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടിക്ക് (ഐ.യു.പി.എസ്) ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ തുടക്കമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ− വ്യാപാരമേഖലകളിൽ സഹകരണം ശക്തമാക്കാനും നിക്ഷേപരംഗത്തു കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഉച്ചകോടി. ദ്വിദിന ഉച്ചകോടിയിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവർ ഉൾപ്പെടെയുള്ള 800 പ്രതിനിധികൾ പങ്കെടുക്കും. യു.എ.ഇ, ഇന്ത്യ സാന്പത്തിക മന്ത്രാലയങ്ങളുടെ സഹകരണത്തോടെയുള്ള ബിസിനസ് ലീഡേഴ്സ് ഫോറത്തിന്റെ (ബി.എൽ.എഫ്) ആഭിമുഖ്യത്തിലാണ് ഉച്ചകോടി.
യു.എ.ഇ സാന്പത്തിക മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ മൻസൂറി, അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബെൽഹൈഫ് അൽ നുഐമി, വിദേശകാര്യ− രാജ്യാന്തര സഹകരണ ഉപമന്ത്രി മുഹമ്മദ് ഷറഫ് അൽ ഹാഷിമി, കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, തെലങ്കാന മന്ത്രി കെ.ടി. രാമറാവു, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിംങ് സൂരി, കോൺസൽ ജനറൽ വിപുൽ, യു.എ.ഇ ഇന്റർനാഷനൽ ഇൻവെസ്റ്റേഴ്സ് കൗൺസിൽ ഡയറക്ടർ ജനറൽ ജമാൽ സെയിഫ് അൽ ജർവാൻ, ബി.എൽ.എഫ് പ്രസിഡണ്ടും ആസ്റ്റർ ഡി.എംഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ടുമായ ഡോ. ആസാദ് മൂപ്പൻ, ജയന്റ് ഗ്രൂപ്പ് ചെയർമാൻ സുദേഷ് അഗർവാൾ, യു.എ.ഇ സാന്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല സാലിഹ്, ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഐഷാ അബ്ദുല്ല, ദുബൈ മെഡിക്കൽ ടൂറിസം പ്രോജക്ട് ഡയറക്ടർ ഡോ. ലൈലാ മർസൂഖി, ജുമൈറ ഗ്രൂപ്പ് സി.ഇ.ഒ ജെറാൾഡ് ലോലസ് തുടങ്ങിയവർ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇവർ വിവിധ പദ്ധതികൾ അവതരിപ്പിക്കും.
ഇന്ത്യാ സന്ദർശനവേളയിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും നടത്തിയ സംയുക്ത പ്രഖ്യാപനത്തിലാണ് വ്യാപാര −വാണിജ്യ മേഖലകളിലടക്കമുള്ള തന്ത്രപ്രധാന സഹകരണത്തിനു ധാരണയായത്. ഇതിന്റെ ഭാഗമാണ് പങ്കാളിത്ത ഉച്ചകോടി. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ വിലയിരുത്തുക, പദ്ധതികൾക്കു രൂപം നൽകുക, നടപടികളുടെ പുരോഗതി അവലോകനം ചെയ്യുക തുടങ്ങിയവ ഉച്ചകോടിയുടെലക്ഷ്യങ്ങളാണ്.
സർക്കാർ, പൊതു−സ്വകാര്യ മേഖലകളുടെ സജീവപങ്കാളിത്തമുള്ള പൊതുവേദിയാണിത്. ഇന്ത്യയുടെയും യു.എ.ഇയുടെയും സന്പദ് വ്യവസ്ഥ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണിതെന്നു ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തവും പിന്തുണയും ഇതിനുണ്ടാകും. നിക്ഷേപ രംഗത്തെ വെല്ലുവിളികൾ തരണം ചെയ്ത് ലക്ഷ്യത്തിനായി യോജിച്ചു പ്രവർത്തിക്കുമെന്നും ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി.
ഓരോ സംസ്ഥാനത്തെയും അടിസ്ഥാന സൗകര്യങ്ങളും സാധ്യതകളും അറിയാനും പദ്ധതികൾ തിരഞ്ഞെടുക്കാനും ഉച്ചകോടി അവസരമൊരുക്കുമെന്നു ബി.എൽ.എഫ് സെക്രട്ടറി ജനറൽ ശ്രീപ്രിയ കുമാരിയ പറഞ്ഞു. സംയുക്ത പദ്ധതികൾക്ക് ആശാവഹമായ പ്രതികരണമാണ് ഇരുരാജ്യങ്ങളിൽ നിന്നുമുണ്ടാകുന്നതെന്നു ബി.എൽ.എഫ് ബോർഡ് മെംബറും ഐ.യു.പി.എസ് സംഘാടകസമിതി ചെയർമാനുമായ സുദേഷ് അഗർവാൾ പറഞ്ഞു.
ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് ‘ഇൻവെസ്റ്റ് ഇന്ത്യ’. ഇതിൽ 8500 കോടി ഡോളറിന്റെ നിക്ഷേപത്തിന് 600 വൻകിട വ്യവസായികൾ ഉറപ്പുനൽകിയിട്ടുണ്ട്. ഏഴു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിദേശനിക്ഷേപം ആകർഷിക്കാൻ കേന്ദ്രസർക്കാർ രൂപം നൽകിയ സംവിധാനമാണ് ഇൻവെസ്റ്റ് ഇന്ത്യ.
ഇന്ത്യയിലേക്കു നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ നടപ്പുവർഷം 8% രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി 100 കോടി ഡോളറിന്റെയും ലുലു ഗ്രൂപ്പ് 170 കോടി ദിർഹത്തിന്റെയും നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉന്നതരുടെ സജീവപ്രാതിനിധ്യമുള്ള ഉച്ചകോടിയെന്നതും പ്രധാന്യം വ്യക്തമാക്കുന്നു.