നിലപാടിൽ അയവ്; ഇന്ത്യ കോമൺവെൽത്തിൽ മത്സരിക്കും

ന്യൂഡൽഹി: മത്സര ഇനങ്ങളിൽ ഷൂട്ടിങ് ഇല്ലാത്തതിന്റെ പേരിൽ നേരത്തെ കോമൺവെൽത്ത് ഗെയിംസ് ബഹിഷ്ക്കരണ ഭീഷണി മുഴക്കിയ ഇന്ത്യ ഒടുവിൽ നിലപാട് മയപ്പെടുത്തി. 2022 ബർമിങ്ങാം ഗെയിംസിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു.
കോൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ഐഒഎ പ്രതിനിധികളെ ന്യൂഡൽഹിയിലെത്തി കണ്ട് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 അല്ലെങ്കിൽ 2030 ഗെയിംസ് ആതിഥ്യത്തിന് അവകാശമുന്നയിക്കാനും ഇന്ത്യ തീരുമാനിച്ചു. ആതിഥേയ നഗരത്തിന് തീരുമാനമെടുക്കാവുന്ന ‘ഓപ്ഷനൽ സ്പോർട്ട്’ ആണ് എന്ന ചട്ടം വഴിയാണ് ഷൂട്ടിങ്ങിനെ ബ്രിട്ടിഷ് നഗരമായ ബർമിങ്ങാം, ഗെയിംസിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിൽ ആകെ നേടിയ 66 മെഡലുകളിൽ 16 എണ്ണം നേടിത്തന്ന ഷൂട്ടിങ് ഇല്ലാതാകുന്നത് തിരിച്ചടിയാകുമെന്നതിനാൽ ഇന്ത്യ പ്രതിഷേധമുയർത്തി. ഒരു ഘട്ടത്തിൽ ബഹിഷ്ക്കരണ ഭീഷണിയും ഉയർത്തി.