ഐപിഎൽ താരലേലത്തിന് ഏഴു മലയാളികൾ

കൊച്ചി : ഈ ഈ മാസം മാസം 20ന് ബെംഗളൂരുവിൽ നടക്കുന്ന ഐപിഎൽ താരലേലത്തിൽ ഏഴു മലയാളി താരങ്ങൾ ഉൾപ്പെടുന്നു. കേരള രഞ്ജി ട്രോഫി ക്യാപ്റ്റൻ രോഹൻ പ്രേം, വലംകയ്യൻ പേസർമാരായ സന്ദീപ് വാരിയർ, ബേസിൽ തമ്പി, കെ.എം.ആസിഫ്, ഓപ്പണിങ് ബാറ്റ്സ്മാൻ വിഷ്ണു വിനോദ്, ഓഫ് സ്പിന്നർ ഫാബിദ് ഫാറൂഖ്, ഓൾ റൗണ്ടർ സി.വി.വിനോദ് കുമാർ എന്നിവരെയാണ് നടക്കുന്ന താരലേലത്തിൽ ഉൾപ്പെടുത്തിയത്. ഇത്രയും മലയാളി താരങ്ങൾക്ക് ഒരുമിച്ച് ഐപിഎൽ താരലേലത്തിൽ ഇടം കിട്ടുന്നത് ഇതാദ്യമാണ്.
മലയാളി താരങ്ങളായ സഞ്ജു സാംസണെ ഡൽഹി ഡയർ ഡെവിൾസും സച്ചിൻ ബേബിയെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും ടീമിൽ നിലനിർത്തിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് റോയൽ ചാലഞ്ചേഴ്സ് ടീം അംഗമായിരുന്ന സന്ദീപ് വാരിയർ ഇത്തവണ മുംബൈ ഇന്ത്യൻസ് ക്യാംപിൽ സിലക്‌ഷൻ ട്രയൽസിൽ പങ്കെടുത്തിരുന്നു. ഡൽഹി ഡയർ ഡെവിൾസിന്റെ ട്രയൽസിൽ പങ്കെടുത്ത ബേസിൽ തമ്പിയും കെ.എം.ആസിഫും ലേലത്തിനു മുന്നോടിയായി 19ന് റോയൽ ചാലഞ്ചേഴ്സ് ടീം ട്രയൽസിലും പങ്കെടുക്കുന്നുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിഷ്ണു വിനോദ് ഇന്നലെ മുംബൈയിൽ ദക്ഷിണ മേഖലയ്ക്കു വേണ്ടി പശ്ചിമ മേഖലയ്ക്കെതിരെ 20 ബോളിൽ 36 റൺസ് നേടി. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയ സന്ദീപ് വാരിയരും മികച്ച പ്രകടനം കാഴ്ചവച്ചു.