രോഹിത് ശർമയുടെ സെഞ്ചുറി വീണ്ടും പാഴായി, രണ്ടാം മൽസരത്തിലും ഇന്ത്യയ്ക്ക് തോൽവി


ബ്രിസ്ബേൻ∙ രോഹിത് ശർമ ഇന്ത്യയ്ക്കുവേണ്ടി വീണ്ടും സെഞ്ച്വറി അടിച്ചെങ്കിലും അത് വീണ്ടും പാഴായി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ തുടർച്ചയായ രണ്ടാം മൽസരത്തിലും ഇന്ത്യയ്ക്ക് തോൽവി. ഏഴു വിക്കറ്റിനാണ് വിജയം.

തുടർച്ചയായ രണ്ടാം മൽസരത്തിലും സെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമയുടെ (124) മികവിൽ ആദ്യം ബാറ്റു ചെയ്ത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്ത ഇന്ത്യയെ ഓപ്പണർമാരായ ആരോൺ ഫിഞ്ച് (71), ഷോണ്‍ മാർഷ് (71), ജോർജ് ബെയ്‌ലി (പുറത്താകാതെ 76) എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് ഓസ്ട്രേലിയ മറികടന്നത്.

ഗ്ലെൻ മാക്സ്‌വെൽ 26 റൺസെടുത്ത് പുറത്താകാതെ നിന്നു. കഴിഞ്ഞ മൽസരത്തിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് 46 റൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യ - നിശ്ചിത 50 ഓവറിൽ എട്ടിന് 308 സ്കോറും ഓസ്ട്രേലിയ - 49 ഓവറിൽ മൂന്നിന് 309 സ്കോറും സ്വന്തമാക്കി. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 2-0ന് മുന്നിലെത്തി.

നേരത്തെ, പരമ്പരയിലെ തുടർച്ചയായ രണ്ടാം സെഞ്ചുറി കുറിച്ച ഓപ്പണർ രോഹിത് ശർമയുടെ ബലത്തിലാണ് ഇന്ത്യ രണ്ടാം ഏകദിനത്തിലും 300 കടന്നത്. 127 പന്തിൽ 124 റൺസെടുത്ത രോഹിതിന്റെ മികവിൽ ഇന്ത്യ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ്. 127 പന്തിൽ 11 ഫോറുകളും മൂന്നു സിക്സുമുൾപ്പെടെ 124 റൺസെടുത്ത രോഹിത് റണ്ണൗട്ടായി. രോഹിത് ശർമയ്ക്ക് പുറമെ അർധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയും (89), ഉപനായകൻ വിരാട് കോഹ്‌ലിയും (59) ഇന്ത്യൻ ഇന്നിങ്സിന് ബലമേകി. കോഹ്‍ലിക്കും രഹാനെയ്ക്കുമൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് രോഹിത് പുറത്തായത്. കോഹ്‌ലിക്കൊപ്പം 125 റൺസിന്റെയും, രഹാനെയ്ക്കൊപ്പം 121 റൺസിന്റെയും കൂട്ടുകെട്ടാണ് രോഹിത് പടുത്തുയർത്തിയത്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ഒൻപതിൽ വച്ച് ആറു റൺസെടുത്ത ശിഖർ ധവാന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിലെ രോഹിത് ശർമ– വിരാട് കോഹ്‍ലി കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 21.3 ഓവറിൽ 125 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 134 ൽ വച്ച് 59 റൺസെടുത്ത കോഹ്‌ലി റണ്ണൗട്ടായി. 67 പന്തിൽ നാലു ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്.

പിന്നീട് അജങ്ക്യ രഹാനെ വന്നതോടെ ഇന്ത്യൻ സ്കോർ വീണ്ടും മുന്നോട്ട്. മൂന്നാം വിക്കറ്റിൽ രോഹിതും രഹാനെയും ചേർന്ന് 6.54 ശരാശരിയിൽ കൂട്ടിച്ചേർത്തത് 121 റൺസ്. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ 80 പന്തിൽ 89 റൺസെടുത്ത രഹാനെ പുറത്തായി. ആറു ഫോറുകളും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്സ്. ഓസ്ട്രേലിയയ്ക്കായി ഫോക്നർ രണ്ടും പാരിസ്, ഹേസ്റ്റിങ്സ്, ബോളണ്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

You might also like

Most Viewed