റിയാദിലും ജിദ്ദയിലും പൊതുഗതാഗത സേവനം നിലവിൽ വന്നു

റിയാദ് : റിയാദിലും ജിദ്ദയിലും പൊതുഗതാഗത സേവനം നിലവിൽ വന്നു. റിയാദിൽ റിയാദ് നഗര വികസന അതോറിറ്റി മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബസ് കന്പനിയും ജിദ്ദയിൽ ജിദ്ദ മെട്രോ കന്പനിയുമാണ് ബസ് സർവ്വീസുകൾ ആരംഭിക്കുന്നത്. ഒരു സ്റ്റോപ്പിൽ നിന്ന് മറ്റൊരു സ്റ്റോപ്പിലേക്ക് മൂന്നു റിയാലാണ് ടിക്കറ്റ് നിരക്ക്.
ലൈൻ ബസ് ഉടമകളുടെ സാമൂഹിക, സാന്പത്തിക സ്ഥിതികളെ കുറിച്ച് പഠിക്കുന്നതിന് സുപ്രീം കമ്മിറ്റി രൂപീക്കുന്നതിന് അഞ്ചു മാസം മുന്പ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. പൊതുഗതാഗത അതോറിറ്റി പ്രസിഡണ്ട് അധ്യക്ഷനായ കമ്മിറ്റിയിൽ ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി, ഡെപ്യൂട്ടി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി, ട്രാഫിക് ഡയറക്ടറേറ്റ് മേധാവി എന്നിവർ അംഗങ്ങളായിരുന്നു.
ലൈൻ ബസ് സർവ്വീസുകൾക്കു പകരം പുതിയ ബസ് സർവ്വീസുകൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിന് പൊതുഗതാഗത അതോറിറ്റി, റിയാദ് വികസന അതോറിറ്റി, മെട്രോജിദ്ദ കന്പനി എന്നിവയെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുമായി സഹകരിച്ച് ലൈൻ ബസ് ഉടമകളുടെ സാമൂഹിക, സാന്പത്തിക സ്ഥിതിഗതികൾ വിശദമായി പഠിക്കുന്നതിനാണ് സുപ്രീം കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയത്.
സാപ്റ്റ്‌കോ കന്പനിയിൽ ആകർഷമായ വേതനത്തിന് ഡ്രൈവർ ജോലി, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ആഗ്രഹിക്കുന്നവർക്ക് സാമൂഹിക വികസന ബാങ്കിൽ നിന്ന് വായ്പ, അവശരായ ഡ്രൈവർമാർക്ക് സാമൂഹിക സുരക്ഷാ പദ്ധതി വഴി പ്രതിമാസ സാന്പത്തിക സഹായം എന്നീ മൂന്നു നിർദ്ദേശങ്ങളാണ് ലൈൻ ബസ് ഉടമകൾക്കു മുന്നിൽ കമ്മിറ്റി മുന്നോട്ടുവെച്ചത്.
ലൈൻ ബസ് സർവ്വീസുകൾ നിർത്തിവെക്കുന്നതിനും പകരം ജിദ്ദയിലും റിയാദിലും ആധുനിക ഗതാഗത സേവനം ഏർപ്പെടുത്തുന്നതിനും 2017 ഒക്ടോബർ 31ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. കാലപ്പഴക്കം മൂലം പഴകിപ്പൊളിഞ്ഞ ബസുകളാണ് ലൈൻ ബസ് സർവ്വീസിന് ഉപയോഗിച്ചിരുന്നത്.