കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഖത്തർ; എല്ലാ മ്യൂസിയങ്ങളും അടച്ചിടാൻ നിർദ്ദേശം

ദോഹ: പുതിയ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറിലെ മ്യൂസിയങ്ങൾ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഖത്തറിലെ എല്ലാ മ്യൂസിയങ്ങളും അടച്ചിട്ടിരിക്കുമെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു. കൊവിഡ് വ്യാപനം തടയാൻ ഏപ്രിൽ 7 ന് ഖത്തർ സർക്കാർ പ്രഖ്യാപിച്ച നടപടികൾക്ക് അനുസൃതമായി ഖത്തറിലെ എല്ലാ മ്യൂസിയങ്ങൾ, എക്‌സിബിഷനുകൾ, ഫുഡ് ആന്റ് ബിവറേജ് ഔട്ട്‌ലെറ്റുകൾ, കളിസ്ഥലങ്ങൾ എന്നിവ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഖത്തർ നാഷണൽ മ്യൂസിയത്തിലെ കളിസ്ഥലവും തുറക്കില്ല. ഏറ്റവും പുതിയ സർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി വ്യക്തിഗത കായിക പ്രവർത്തനങ്ങൾക്കായി മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (എംഐഎ) പാർക്ക് പൊതുജനങ്ങൾക്കായി തുറന്നിരിക്കും. പൊതുജനങ്ങളോട് സുരക്ഷിതരായി തുടരാനും അവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അഭ്യർത്‍ഥിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ പൊതു മ്യൂസിയങ്ങളും ലൈബ്രറികളും അടച്ചുപൂട്ടുന്നത് ഉൾപ്പെടെ നിരവധി പുതിയ നിയന്ത്രണങ്ങൾ മന്ത്രിസഭ ബുധനാഴ്ച ഏർപ്പെടുത്തിയിരുന്നു.
എല്ലാ മ്യൂസിയങ്ങളും താത്ക്കാലിക എക്‌സിബിഷനുകളും ഹെറിറ്റേജ് സൈറ്റുകളും എക്‌സിബിഷന്‍ ഷോപ്പുകളും എന്നിവയെല്ലാം സന്ദർശകർക്കായി അടച്ചിടുമെന്ന് ഖത്തർ നാഷണൽ മ്യൂസിയം അറിയിച്ചു. അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, എംഐഎ, ദോഹ ഫയർ സ്റ്റേഷൻ, കൂടാതെ ഫാൽക്കൺസ് ഐ, ട്രിബ്യൂട്ട് ഷെയ്ഖ് സൗദ് അൽ താനി, ദി ന്യൂ ബ്ലാക്ക് വാൻഗാർഡ്, ഫോട്ടോഗ്രാഫി ബിറ്റ് ആർട്ട് ഫാഷൻ, പരീക്ഷണാത്മക ഫോട്ടോഗ്രാഫി, ഗ്രേ ടൈംസ് എന്നിവ അടഞ്ഞുകിടക്കും.
ഖത്തർ നാഷണൽ ലൈബ്രറി ഞായറാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. ആഴ്ചയിൽ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിലാണ് ലൈബ്രറിയുടെ പ്രവർത്തന സമയം. ലൈബ്രറിയുടെ ഓണ്‍ലൈന്‍ വേദികളായ ഖത്തർ ഡിജിറ്റൽ ലൈബ്രറി, ഡിജിറ്റൽ റിപ്പോസിറ്ററി എന്നിവ സജീവമായിരിക്കും.
ഇവന്റുകൾ, അംഗത്വ രജിസ്‌ട്രേഷനും പുതുക്കലും, എഴുത്ത് കൺസൾട്ടേഷൻ, ഹെറിറ്റേജ് ലൈബ്രറി, റഫറൻസ് സർവീസ്, ചിൽഡ്രൻസ് ലൈബ്രറി വെർച്വൽ ടൂർ, ബുക്ക് മാച്ചുകൾ, ബുക്ക് എടുക്കൽ− പുതുക്കൽ അന്വേഷണങ്ങൾ എന്നിവയെല്ലാം ഓൺലൈൻ വഴി ലഭ്യമാണ്. വായിക്കാൻ കൊണ്ടുപോയ പുസ്തകങ്ങൾ ലൈബ്രറിയുടെ പ്രധാന പ്രവേശന കവാടത്തിലെ ബോക്‌സിൽ രാവിലെ 7 മുതൽ രാത്രി 10 വരെ നിക്ഷേപിക്കാം.