തെരുവു മൃഗങ്ങള്‍ക്കു ഭക്ഷണം നൽകാൻ ചിത്രങ്ങളിലൂടെ പണം സമാഹരിച്ച് ഫറാ ഖാന്റെ മകൾ

മഹാമാരിയെത്തുടര്‍ന്ന് കഷ്ടത അനുഭവിക്കുന്ന തെരുവു മൃഗങ്ങള്‍ക്കു സഹായവുമായി ചലച്ചിത്രപ്രവര്‍ത്തക ഫറാ ഖാന്റെ മകള്‍ അന്യയും. 12 വയസ്സുള്ള അന്യ കുട്ടി ചിത്രങ്ങളിലൂടെ സമ്പാദിച്ച 70,000 രൂപയാണ് തെരുവു മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി സംഭാവന ചെയ്യുന്നത്. അന്യ വരച്ച ഒരു ഓമന മൃഗത്തിന്റെ ചിത്രം ആയിരം രൂപയ്ക്ക് വില്‍ക്കുന്ന വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് ഫറാ ഖാന്‍ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇങ്ങനെ ചിത്രങ്ങള്‍ വിറ്റ് അഞ്ചു ദിവസം കൊണ്ടാണ് കുട്ടി 70,000 രൂപ സമ്പാദിച്ചത്. ഈ പണമത്രയും ഭക്ഷണവും കുടിവെള്ളവും കിട്ടാതെ തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്കുവേണ്ടി നല്‍കുകയാണെന്നും ഫറാ ഖാന്‍ അറിയിച്ചു.
ചിത്രങ്ങള്‍ വാങ്ങാനും പണം അയച്ചുതരാനും തയാറായ എല്ലാ സുമനസ്സുകള്‍ക്കും അവര്‍ ആത്മാര്‍ഥമായ നന്ദിയും അറിയിച്ചു. ട്വിറ്ററിലൂടെ ഞായറാഴ്ചയാണ് വിവരം ഫറാ ഖാന്‍ അറിയിച്ചത്. ചില സംസ്ഥാനങ്ങളില്‍ കോവിഡ് ഭീതി കുറയുന്നുണ്ടെങ്കിലും മറ്റു ചില സംസ്ഥാനങ്ങളില്‍ രോഗികള്‍ കൂടുന്നതിനാല്‍ ഇപ്പോഴും ഭീതിയില്‍ തന്നെയാണ് ലോക് ഡൗണിലൂടെ കടന്നുപോകുന്ന രാജ്യം.