ഗുസ്തി താരങ്ങൾക്ക് വൻ തിരിച്ചടി; ലോക ഗുസ്തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയ്ക്ക് സസ്പെൻഷൻ


ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഗുസ്തി താരങ്ങൾക്ക് വൻ തിരിച്ചടി. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(WFI) അംഗത്വം താൽക്കാലികമായി റദ്ദാക്കി ലോക ഗുസ്തി ഗവേണിംഗ് ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്(UWW). റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വൈകുന്നതിനെ തുടർന്നാണ് നടപടി. വിവാദങ്ങളുടെ നടുവിലാണ് റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ. മുൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വനിതാ താരങ്ങൾ ലൈംഗികാതിക്രമ പരാതി നൽകിയതു മുതൽ ഡബ്ല്യുഎഫ്‌ഐ അഭൂതപൂർവമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വിവാദങ്ങളും തുടർന്നുള്ള നിയമപോരാട്ടങ്ങളും കാരണം ഡബ്ല്യുഎഫ്‌ഐ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് അനന്തമായി നീണ്ടു.

മൂന്ന് തവണയായി ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണ്. ജൂലൈ നാലിന് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂണിറ്റുകളില്‍ നിന്നു പരാതി ഉയര്‍ന്നതോടെ അത് ജൂലൈ 11-ലേക്കു മാറ്റുകയായിരുന്നു. പിന്നീട് ഡബ്ല്യുഎഫ്‌ഐ അംഗത്വം നിഷേധിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി അസം റെസ്ലിംഗ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് വീണ്ടും സ്‌റ്റേ ചെയ്തിരുന്നു. തുടർന്നാണ് ഓഗസ്റ്റ് 11നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്.

ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പ് നടത്താൻ നൽകിയ 45 ദിവസത്തെ സമയപരിധി ജൂൺ 17ന് അവസാനിച്ച സാഹചര്യത്തിലാണ് യുഡബ്ല്യുഡബ്ല്യുവിൻ്റെ ഇപ്പോഴത്തെ നടപടി. ഇതോടെ സെപ്റ്റംബർ 16-ന് ആരംഭിക്കുന്ന ഒളിമ്പിക് യോഗ്യതാ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗുസ്തിക്കാർ ‘ന്യൂട്രൽ അത്ലറ്റുകളായി’ മത്സരിക്കേണ്ടിവരും.

article-image

asdadsads

You might also like

  • Straight Forward

Most Viewed