ജീവന് ഭീഷണിയുണ്ട്, ഞാൻ കൊല്ലപ്പെട്ടേക്കാം’; ബിഹാർ സഹകരണമന്ത്രി

തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് ബിഹാർ സഹകരണ മന്ത്രി സുരേന്ദ്ര പ്രസാദ് യാദവ്. ജാതി പ്രശ്‌നത്തിൻ്റെ പേരിൽ ചിലർ തന്നെ കൊല്ലാൻ പദ്ധതിയിടുന്നുണ്ട്. തന്നെ കൊലപ്പെടുത്തുന്നവർക്ക് പ്രതികൾ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, വൈകാതെ താൻ കൊല്ലപ്പെട്ടേക്കാമെന്നും സുരേന്ദ്ര പ്രസാദ് പറഞ്ഞു.
ജീവന് ഭീഷണിയുണ്ടെന്നും ഉടൻ തന്നെ കൊല്ലപ്പെട്ടേക്കുമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്ര പ്രസാദ് പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. “കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തതിൽ സീനിയർ പൊലീസ് സൂപ്രണ്ടിന് (ഗയ) നന്ദി പറയുന്നു. “വാടക കൊലയാളികളുടെ സഹായത്തോടെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. വധഭീഷണികൾക്ക് പിന്നിൽ ജാതി പ്രശ്‌നങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇതൊരു വലിയ കാര്യമായി ഞാൻ കാണുന്നില്ല. ഇവർക്കെതിരെ പൊലീസ് നടപടിയെടുക്കട്ടെ” – മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ റാംപൂർ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് എസ്എസ്പി (ഗയ) ആശിഷ് ഭാരതി പറഞ്ഞു. ധന്വന്ത് സിംഗ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
sddsdas