മണിപ്പൂരിലെ സംഘർഷം മേഘാലയിലേക്കും; രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി: 16 പേര്‍ കസ്റ്റഡിയില്‍

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ മേഘാലയയിലേക്കും പടരുന്നു. കുകി വിഭാഗത്തിലേയും മെയ്‌തേയ് വിഭാഗത്തിലെയും ആളുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മെയ് നാലിനാണ് സംഭവം. ഷില്ലോങിലെ മിസോ മോഡേണ്‍ സ്‌കൂളിനടത്തുള്ള നോണ്‍ഗ്രിം ഹില്‍സ് എന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. 16 പേര്‍ ഇതുവരെ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ ദിവസങ്ങളായി അരങ്ങേറുന്നുണ്ടെങ്കിലും ബുധനാഴ്ചയാണ് വിവിധ വിഭാഗങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതി ഉണ്ടായത്. നാഗ വിഭാഗത്തിലെയും കുകി വിഭാഗത്തിലേയും ആയിരക്കണക്കിന് ആദിവാസികള്‍ ഒത്തുചേരുകയായിരിന്നു. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ച് മണിപ്പൂരില്‍ 50 ശതമാനത്തിന് മുകളില്‍ വരുന്ന മെയ്‌തേയ് വിഭാഗം രംഗത്തെത്തിയിരിന്നു. എന്നാല്‍ മെയ്‌തേയ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നാല്‍പത് ശതമാനം വരുന്ന കുകി, നാഗ വിഭാഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
മണിപ്പൂരിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇന്ത്യന്‍ സൈന്യത്തേയും അസം റൈഫിള്‍സിനേയും വിന്യസിച്ചിട്ടുണ്ട്. മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചിരിക്കുയാണ്.
rt67utu