തമിഴ്നാട്ടിൽ പേമാരിയിലും കാറ്റിലും അഞ്ചു മരണം

ചെന്നൈ: രണ്ടു ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും തമിഴ്നാട്ടിൽ വൻ നാശനഷ്ടം. മഴക്കെടുതിയിൽ തമിഴ്നാട്ടിൽ രണ്ടര വയസ്സുള്ള കുഞ്ഞ് അടക്കം അഞ്ചുപേർ മരിച്ചു. വീടിന്റെ ചുമരിടിഞ്ഞുവീണാണ് മരണ൦ സംഭവിച്ചത്.
ചെന്നൈ അടക്കം തീരജില്ലകളിൽ രാത്രിയിലും പകലും നിർത്താതെ മഴ പെയ്യുകയാണ്. ഏതാനും ദിവസംകൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ചെന്നൈ തീരത്തിനടുത്ത് 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിനു കാരണമായേക്കാവുന്ന അതിശക്ത ന്യൂനമർദം രൂപംകൊണ്ടതായി കൊച്ചിൻ യൂണിവേഴ്സിറ്റി റഡാർ കേന്ദ്രവും അറിയിച്ചു.
റെയിൽ, റോഡ് ഗതാഗതത്തെയും മഴ ബാധിച്ചു. കേരളത്തിലേക്കുള്ള ട്രെയിനുകൾ ഉൾപ്പെടെ ദീർഘദൂര സർവീസുകൾ പലതും വൈകി. മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണതുമൂലം തമിഴ്നാടിന്റെ വിവിധ മേഖലകളിൽ വൈദ്യുതിവിതരണം താറുമാറായി. ശക്തമായ കാറ്റുവീശിയ കടലൂർ മേഖലയിൽ വീടുകളും കടകളും തകർന്നു. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ ഖനന ജോലികൾ നിർത്തിവച്ചു. തമിഴ്നാടും ആന്ധ്രയുമായുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മൽസരത്തിന്റെ മൂന്നാം ദിവസത്തെ കളി മുടങ്ങി.