‘ഉങ്കളിൽ ഒരുവൻ’; സ്റ്റാലിന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങുന്നു


തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങുന്നു. ∍ഉങ്കളിൽ ഒരുവൻ∍ (നിങ്ങളിൽ ഒരുവൻ) എന്ന ആത്മകഥയുടെ ആദ്യ ഭാഗത്തിന്റെ പ്രകാശനമാണ് നടക്കുക. ഫെബ്രുവരി 28ന് ചെന്നൈ നന്ദംപാക്കം ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള ബിജെപി ഇതര മുഖ്യമന്ത്രിമാർ പങ്കെടുക്കും. 

1976 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യ 23 വർഷങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെ കുറിച്ചും, പെരിയാർ, സിഎൻ അണ്ണാദുരൈ, പിതാവ് കലൈഞ്ജർ കരുണാനിധി തുടങ്ങിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ നടത്തിയ സമരങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന്റെയും സമൂഹത്തോടുള്ള സേവനത്തിന്റെയും ആദ്യപാഠങ്ങൾ താൻ ഇവരിലൂടെ പഠിച്ചതെങ്ങനെയെന്നും ജനകീയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള നീണ്ട സമരങ്ങൾക്കൊടുവിൽ ഡിഎംകെയുടെ വളർച്ചയെക്കുറിച്ചും അദ്ദേഹം പുസ്തകത്തിൽ പ്രതിപാതിച്ചിട്ടുണ്ട്. 

ചെന്നൈയിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ പങ്കെടുക്കും. മുതിർന്ന ഡിഎംകെ നേതാവും ജലവിഭവ മന്ത്രിയുമായ ദുരൈ മുരുകൻ ചടങ്ങിൽ അധ്യക്ഷനാകും. തമിഴ് നടൻ സത്യരാജ് പുസ്തകം പരിചയപ്പെടുത്തും.എം. കരുണാനിധിയുടെയും ദയാലു അമ്മാളിന്റെയും മകനായി 1953 മാർച്ച് 1നാണ് എം കെ സ്റ്റാലിന്റെ ജനനം. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്നാണ് പൂർണനാമം. തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. ചെന്നൈ നഗരസഭയുടെ 37−ാമത് മേയറായി 1996 മുതൽ 2002 വരെ സ്റ്റാലിൻ സേവനം അനുഷ്ഠിച്ചു. 2009 മുതൽ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചു. രാഷ്ട്രീയത്തിൽ ഊർജ്ജസ്വലനായ സ്റ്റാലിൻ താമസിയാതെ 1973−ൽ ഡിഎംകെയുടെ ജനറൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാലിൻ പിൻഗാമി യാകുമെന്ന് കരുണാനിധി വ്യക്തമാക്കിയിരുന്നു. 2017 ജനുവരി 4 ന് സ്റ്റാലിൻ, ദ്രാവി‍ഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റായി സ്റ്റാലിൻ ചുമതലയേറ്റു.

You might also like

Most Viewed