പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട പോളിംഗ് ആരംഭിച്ചു

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട പോളിംഗ് ആരംഭിച്ചു. 44 മണ്ഡലങ്ങളാണ് ഇന്നു വിധിയെഴുതുക. വടക്കൻ ബംഗാളിലെ കൂച്ച്ബെഹാർ, അലിപുർദുവാർ, തെക്കൻ മേഖലയിലെ സൗത്ത് 24 പർഗാനസ്, ഹൗറ, ഹൂഗ്ലി ജില്ലകളിലെ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 372 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബംഗാൾ മന്ത്രിമാരായ പാർഥ ചാറ്റർജി, അരുപ് ബിശ്വാസ് എന്നിവരാണ് ഇതിൽ ശ്രദ്ധേയർ. രണ്ടു ബിജെപി എംപിമാരും മത്സരിക്കുന്നുണ്ട്.
ബാബുൽ സുപ്രിയോയും അരുപ് ബിശ്വാസും ഏറ്റുമുട്ടുന്ന ടോളിഗഞ്ചിലാണ് ഏറ്റവും ശ്രദ്ധേയ മത്സരം. ബംഗാളി സിനിമാ വ്യവസായത്തിന്‍റെ കേന്ദ്രമാണു തെക്കൻ കോൽക്കത്തയിലെ ടോളിഗഞ്ച്. തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽകൂടിയായ മന്ത്രി പാർഥ ചാറ്റർജി ബെഹല വെസ്റ്റ് മണ്ഡലത്തിലാണു മത്സരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായ നടി ശ്രാബന്തി ചാറ്റർജിയാണ് പാർഥയുടെ പ്രധാന എതിരാളി. മൂന്നു തവണ പാർഥ ചാറ്റർജി വിജയിച്ച മണ്ഡലമാണിത്.