വാക്സിൻ ക്ഷാമം: മുംബൈയിൽ കോവിഡ് വാക്സിൻ സെന്‍ററുകൾ അടച്ചു പൂട്ടുന്നു

മുംബൈ: കോവിഡ് വാക്‌സിനുകളുടെ ക്ഷാമത്തെ തുടർന്ന് മുംബൈയിൽ വാക്‌സിനേഷൻ സെന്‍ററുകൾ അടച്ചു പൂട്ടുന്നു. നിലവിൽ ഇത്തരത്തിലുള്ള 70ലധികം സെന്‍ററുകൾ പ്രവർത്തനരഹിതമായെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ മേഖലകളിലൊന്നായ ബികെസിയിലെ ജംബോ വാക്സിനേഷൻ സെന്‍ററും അതിൽ ഉൾപ്പെടുന്നു. കുത്തിവയ്പ്പെടുക്കുന്നതിനായി എത്തിയ ജനങ്ങൾ ഇതിനു മുൻപിൽ തടിച്ചുകൂടി നിൽക്കുന്നത് വാർത്ത ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. ബികെസിയിലെ ജംബോ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് തുടക്കം മുതൽ തന്നെ ബഫർ സ്റ്റോക്കായി വാക്സിനുകൾ ഒരു ദിവസം മുൻപെ എടുക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച വരെ ആവശ്യത്തിന് വാക്സിനുകൾ ലഭിച്ചിരുന്നു. എന്നാൽ ഇന്നത്തേയ്ക്കുള്ള വാക്സിനുകൾ വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതുവരെ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.