ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ വിൻഡ്സർ കാസ്റ്റിലായിരുന്നു അന്ത്യം. ബെക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. 2017ലാണ് അദ്ദേഹം ഔദ്യോഗിക ചുമതലകളിൽ വിരമിച്ചത്. രാജകീയ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പും എലിസബത്തും തമ്മിലുള്ള വിവാഹം 1947ലായിരുന്നു. ദന്പതികൾ മാൾട്ടായിലേക്കു പോയി. അവിടെയായിരുന്നു ഫിലിപ്പിനു പോസ്റ്റിംഗ് കിട്ടിയത്. 1952ൽ പിതാവ് ജോർജ് ആറാമൻ ദിവംഗതനായതിനെത്തുടർന്ന് ബ്രിട്ടീഷ് സിംഹാസനത്തിന്‍റെ അവകാശം എലിസബത്ത് രാജ്ഞിക്കായി. എലിസബത്ത് രാജ്ഞിയുടെ പ്രധാനപ്പെട്ട വിദേശസന്ദർശനങ്ങളിലെല്ലാം ഫിലിപ്പ് രാജകുമാരനും ഒപ്പംചേരാറുണ്ട്. രാജദന്പതികൾ മൂന്നുതവണ ഇന്ത്യയിലെത്തിയിരുന്നു. 1961 ലായിരുന്നു ആദ്യത്തെ ഇന്ത്യാസന്ദർശനം. 1983 ലും 1997 ലും വീണ്ടുമെത്തിയിരുന്നു.