റെയിൽവേ സ്വകാര്യവത്കരിക്കില്ല; കൂടുതൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും

ന്യൂഡൽഹി: റെയിൽവേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാൽ, കാര്യക്ഷമമായ പ്രവർത്തനത്തിന് കൂടുതൽ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ആവശ്യമായ ഭൂമി വിട്ടുകിട്ടാത്തത് കേരളത്തിലെ റെയിൽവേ വികസനത്തിന് തടസമാകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൽനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു−സ്വകാര്യ മേഖലകൾ ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ രാജ്യത്ത് വളർച്ചയും കൂടുതൽ തൊഴിലവസരങ്ങളും ഉണ്ടാകൂ. ഇന്ത്യൻ റെയിൽവേ എന്നാൽ ഓരോ ഇന്ത്യക്കാരന്റെയും സ്വത്താണ്. അത് തുടരും. റെയിൽവേ എക്കാലവും സർക്കാരിന്റെ തന്നെ ഭാഗമായിരിക്കുമെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.