ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്

ന്യൂഡൽഹി: ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറത്തിറക്കിയ പുതിയ നിബന്ധനകൾ ഫെബ്രുവരി 22 മുതൽ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിലാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അറിയിപ്പ്.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതുകയും അത് എയർ സുവിധാ പോർട്ടലിൽ അപ്്‍ലോഡ് ചെയ്യുകയും വേണം. യാത്രയ്ക്ക് മുന്പ് തന്നെ എയർ സുവിധാ പോർട്ടലിൽ സെൽഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. www.newdelhiairport.in എന്ന വെബ്‍സൈറ്റ് വഴിയാണ് സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കേണ്ടത്. കഴിഞ്ഞ 14 ദിവസത്തിനിടെ നടത്തിയ മറ്റ് യാത്രകളുടെ വിവരങ്ങൾ ഈ ഡിക്ലറേഷനിൽ നൽകണം. സെൽഫ് ഡിക്ലറേഷൻ ഫോമിന്റെയും പിസിആർ പരിശോധനാ ഫലത്തിന്റെയും കോപ്പി വിമാനത്തിൽ കയറുന്പോൾ കൈവശം സൂക്ഷിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം നാട്ടിലെ വിമാനത്താവളത്തിൽ പണമടച്ചുള്ള പിസിആർ പരിശോധന പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രവാസികളുടെ ആവശ്യം.