ടോയ് ഫെയറുമായി കേന്ദ്ര സർക്കാർ


ന്യൂഡൽഹി: ആത്മനിർഭാരതിന്റെ ഭാഗമായി കളിപ്പാട്ടങ്ങളെ ജനങ്ങളിലെ ത്തിക്കാൻ വെബ് സൈറ്റുമായി കേന്ദ്രസർക്കാർ. വോക്കൽ ഫോർ ലോക്കലെന്ന പ്രചാരണത്തിന്റെ ഭാഗമായാണ് കളിപ്പാട്ടങ്ങൾക്കായുള്ള മേളയുടെ ഓൺലൈൻ പോർട്ടൽ നിലവിൽ വന്നിരിക്കുന്നത്. സഹസ്രകോടികളുടെ കളിപ്പാട്ടമാർക്കറ്റിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ രാജ്യം മുഴുവൻ ലഭ്യമാക്കലാണ് ഉദ്ദേശ്യം. ഇന്ത്യ ടോയ് ഫെയർ− 2021ന്റെ മുന്നോടിയായാണ് സൈറ്റ് പുറത്തിറക്കിയത്.

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രമേശ് പൊഖ്‌റിയാൽ, പിയൂഷ് ഗോയൽ എന്നിവർ ചേർന്നാണ് കളിപ്പാട്ടങ്ങൾക്കായുള്ള സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഈ മാസം 27−ാം തിയതി മുതൽ മാർച്ച് മാസം 2−ാം തീയതി വരെയാണ് ഇന്ത്യാ ടോയ് ഫെയർ നടക്കുന്നത്.

ഇന്ത്യൻ കളിപ്പാട്ട നിർമ്മാണ രംഗത്തുള്ളവരെ ഒരേ വേദിയിലെത്തിക്കാനും ഗ്രാമീണമേഖലകളിലെ തനത് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ടോയ് ഫെയർ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കളിപ്പാട്ടങ്ങളും ഇന്ത്യൻ ആശയങ്ങളും ലോകം മുഴുവൻ എത്തിക്കാനും ഫെയറിൽ വിവിധ ചർച്ചകളും മാർഗ്ഗദർശന സെമിനാറുകളും അരങ്ങേറും WWW.theindiantoyfair.in എന്നാണ് മേളയുടെ സൈറ്റ്. ഇതിലൂടെ ഈ ദിവസങ്ങളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കളിപ്പാട്ട നിർമ്മാണക്കാർക്കും വിൽപ്പനക്കാർക്കും മേളയുടെ ഭാഗമാകാം.

 മേളയുടെ ഭാഗമായി ആയിരത്തോളം വരുന്ന കളിപ്പാട്ട നിർമ്മാതാക്കളുടെ ഉൽപ്പന്നങ്ങൾ വാങ്ങാനുമാകും. വിഷാംശം നിറഞ്ഞ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളാണ് മുപ്പതുശതമാനത്തോളമെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും നമ്മുടെ പ്രാദേശിക വ്യവസായങ്ങളെ സഹായിക്കുന്നതിലൂടെ ഇത്തരം ഭീകരാവസ്ഥയിൽ നിന്നും രക്ഷപെടാൻ നമുക്കും കുട്ടികൾക്കുമാകുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

You might also like

Most Viewed