കശ്മീരിലെ ഏറ്റുമുട്ടൽ അവസാനിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള റാഫിയാബാദിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ ഭീകരനെ സൈന്യം വധിച്ചു. ഇതോടെ പത്തുമണിക്കൂറിലധികം നീണ്ടു നിന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്. റാഫിയാബാദിലെ ലഡൂര ഗ്രാമത്തിലുള്ള വീട്ടിൽ ഒരു ഭീകരൻ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്നു തിരച്ചിൽ നടത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. തുടർന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു.
ഹിസ്ബുൽ മുജാഹിദ്ദിൻ നിന്നു വിട്ടുപോയ ലഷ്കറെ ഇസ്‌ലാം എന്ന സംഘടനയുമായി ബന്ധപ്പെട്ട ഭീകരനാണ് ഒളിച്ചിരുന്ന് ആക്രമണം നടത്തിയത്. ജൂണിൽ വടക്കൻ കശ്മീരിലെ സോപ്പോറിൽ ആക്രമണം നടത്തി ആറ് നാട്ടുകാരെ കൊലപ്പെടുത്തിയതിനു പിന്നിൽ ലഷ്കറെ ഇസ്‌ലാമാണ്.
രാഷ്ട്രീയ റൈഫിൾസ്, പൊലീസ് സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഭീകരരെ നേരിട്ടത്. ഭീകരൻ ജമ്മു കശ്മീർ സ്വദേശിയാണ്. ഇയാളെക്കൂടാതെ വിദേശത്തുനിന്നുള്ള ഭീകരരും മേഖലയിൽ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.