കൊറോണ സ്ഥിരീകരിച്ചു: യുവതി ആശുപത്രിയിൽ ജീവനൊടുക്കി

മുംബൈ: കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ജീവനൊടുക്കി. വാർളി സ്വദേശിനിയായ 29 വയസുകാരിയാണ് ജീവനൊടുക്കിയത്. ബുധനാഴ്ച പുലർച്ചെ 3.45 ന് മുംബൈ നായർ ആശുപത്രിയിലായിരുന്നു സംഭവം. ശുചിമുറിക്കുള്ളിൽ യുവതി തൂങ്ങിമരിക്കുകയായിരുന്നു. ആസ്മയെ തുടർന്നാണ് തിങ്കളാഴ്ച വർളി സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കൊവിഡ് സംശയത്തെ തുടർന്ന് ഇവരുടെ സാന്പിളുകൾ പരിശോധിച്ചു. ചൊവ്വാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിൽ ഇവർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ കൊവിഡ് വാർഡിലേക്ക് മാറ്റി. രോഗം പിടിപെട്ട വിവരം അറിഞ്ഞതോടെ അസ്ഥതയിലായിരുന്ന യുവതി പുലർച്ചെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് തൂങ്ങി മരിക്കുകയായിരുന്നു.