ഗുജറാത്തിൽ എംഎൽഎയ്ക്ക് കൊവിഡ്; മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിരീക്ഷണത്തിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എയ്ക്കും കൊവിഡ്. ജമാൽപുർ എം.എൽ.എ ഇമ്രാൻ ഖഡേവാലയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഖഡേവാല ചൊവ്വാഴ്ച മുഖ്യമന്ത്രി വിജയ് രൂപാനിയുമായും ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കയും ചെയ്തിരുന്നു. മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ ഖഡേവാലയ്ക്കൊപ്പം സൈലേഷ് പർമർ, ഗ്യാസുദ്ദീൻ ഷെയ്ക്ക് എന്നീ കോൺഗ്രസ് എംഎൽഎമാരും ഉണ്ടായിരുന്നു. സംസ്ഥാന പോലീസ് മേധാവി ശിവാനന്ദ് ഝാ, ചീഫ് സെക്രട്ടറി അനിൽ മുകിം എന്നിവരേയും ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹം കണ്ടിരുന്നു. ഇദ്ദേഹം സ്വന്തം മണ്ധലമായ ജമാൽപുരിൽ കോവിഡ് ഹോട്ട്സ്പോട്ടുകളിൽ എത്തി ആളുകൾക്ക് ബോധവത്കരണവും സഹായവും എത്തിച്ചു നൽകിവരികയായിരുന്നു. മണ്ധലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു. കോവിഡ് ഹോട്ട്സ്പോട്ടിൽ പ്രവർത്തിച്ചയാൾ എന്ന നിലയിലാണ് പ്രോട്ടോക്കോൾ അനുസരിച്ച് ഖഡേവാലയെ പരിശോധനയ്ക്കു വിധേയനാക്കിയത്.