കോഴിക്കോട് ദുബൈയിൽ നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചത് 27ാം ദിവസം

തിരുവനന്തപുരം: കോഴിക്കോട് എടച്ചേരിയിൽ ദുബൈയിൽ നിന്നെത്തിയ 35കാരന് കൊവിഡ് സ്ഥിരീകരിച്ചത് 27ാം ദിവസം. സഹോദരനൊപ്പം മാർച്ച് 18ന് ദുബൈയിൽ നിന്നെത്തിയ ഇയാൾ നാട്ടിലെത്തിയതു മുതൽ നിരീക്ഷണത്തിലായിരുന്നു. പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്കും കൊവിഡ് ബാധയെന്ന് വ്യക്തമായത്. അതായത് വൈറസ് സ്ഥിരീകരിച്ചത് വിദേശത്തു നിന്ന് മടങ്ങിയെത്തി 27 ദിവസത്തിനു ശേഷം.
ഇയാളുടെ സഹോദരിയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവർക്കും കൊവിഡ് ബാധിച്ചത് ഇയാളിൽ നിന്നെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. നേരത്തെ കണ്ണൂർ സ്വദേശിയായ 40കാരന് 26 ദിവസത്തിനു ശേഷവും പാലക്കാട് സ്വദേശിക്ക് 23 ദിവസത്തിനു ശേഷവും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശത്തിന് വെല്ലുവിളിയായിരിക്കുകയാണ് പുതിയ രോഗ സ്ഥിരീകരണം. കൊവിഡ് പ്രതിരോധത്തിന് 28 ദിവസത്തെ നിരീക്ഷണം വേണമെന്ന കേരളത്തിന്‍റെ നിലപാട് ശരിവയ്ക്കുന്നതാണ് ഈ കണക്കുകൾ.
കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരും കൊവിഡ് ബാധിതരുമായി സന്പർക്കത്തിലേർപ്പെട്ടവരും 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശം. മറ്റ് സംസ്ഥാനങ്ങൾ ഈ നിർദ്ദേശം പിന്തുടരുന്പോൾ കേരളം 28 ദിവസത്തെ നിരീക്ഷണം വേണമെമെന്ന് നിലപാടെടുത്തു. ഇത് ശരിയെന്ന് തെളിയിക്കുന്നതാണ് കോഴിക്കോട് എടച്ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ച 35 കാരന്‍റെതടക്കമുള്ള അനുഭവങ്ങൾ.
കൊവിഡ് വൈറസ് ബാധിക്കുന്ന 95 ശതമാനം വ്യക്തികളിലും 14 ദിവസത്തിനകം രോഗലക്ഷണം പ്രകടമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നാലു ശതമാനം കേസുകളിൽ ഇൻക്യൂബേഷൻ പിരീഡ് 28 ദിവസം വരെയാകാം. ഒരു ശതമാനം കേസിൽ 31 ദിവസം വെരെയുമാകാം. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ രോഗവ്യാപനം തടയാൻ 28 ദിവസത്തെ നിരീക്ഷണം അനിവാര്യമെന്നാണ് പുതിയ കേസുകൾ തെളിയിക്കുന്നത്.